ADVERTISEMENT

മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിലെ മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കാൻ അധ്യക്ഷ സോണിയ ഗാന്ധി എട്ടംഗ സമിതി രൂപീകരിച്ചത്. അതിലേക്ക് പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പു ബുദ്ധികേന്ദ്രത്തെ ക്ഷണിക്കുകയും ചെയ്തു. അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമായെന്നും പ്രശാന്ത് കിഷോർ ഇനി കോൺഗ്രസിനൊപ്പമാണെന്നും ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. പക്ഷേ ‘ആഴത്തിലുള്ള സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്കു തന്നെക്കാൾ വേണ്ടതു നേതൃശേഷിയും കൂട്ടായ ഇച്ഛാശക്തിയുമാണെന്ന്’ ട്വീറ്റ് ചെയ്ത് ആ ചർച്ചകൾക്ക് ഒരു ഫുൾ സ്റ്റോപ്പിട്ടു പ്രശാന്ത് കിഷോർ.

137 വർഷത്തെ രാഷ്ട്രീയ പാരമ്പര്യത്തിനു മങ്ങലേൽപ്പിച്ച് തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പാർട്ടിയുടെ അവസാന കച്ചിത്തുരുമ്പായാണ് പലരും പ്രശാന്ത് കിഷോറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ കണ്ടത്. പക്ഷേ അപ്പോഴും, 2014 ൽ മോദിക്കൊപ്പം ചേർന്നതു തൊട്ടിങ്ങോട്ട് പാർട്ടികൾ മാറിമറിഞ്ഞ്, തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്നതു പ്രഫഷനാക്കിയ ഒരാളെ, രാഷ്ട്രീയ പാരമ്പര്യത്തിന്റെ മഹത്വം എന്നും വാഴ്ത്തുന്ന ഒരു പാർട്ടി കൂടെക്കൂട്ടുമോ എന്ന സംശയവും അണിയറയിൽ സജീവമായിരുന്നു. കോൺഗ്രസിന്റെ ആദർശങ്ങളോട് യോജിക്കുന്ന ആളല്ല പ്രശാന്ത് കിഷോർ എന്ന വിമർശനം ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ‘പ്രശാന്ത് കിഷോർ ക്ഷണം നിരസിച്ചു’ എന്ന് പരസ്യമാക്കി കോൺഗ്രസ് ആ സംശയങ്ങൾക്കു കൃത്യമായ ഉത്തരം നൽകി.

വിജയം ലക്ഷ്യം പക്ഷേ വഴി രണ്ട്...

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ടുകൊണ്ടാണ് പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെത്തിക്കാൻ ചരടുവലി തുടങ്ങിയത്. പഞ്ചാബും ആം ആദ്മി പാർട്ടി കൊണ്ടുപോയതോടെ, കൈവെള്ളയിലെ ഓരോ രേഖയും മാഞ്ഞുപോകുന്നത് നോക്കിനിൽക്കേണ്ടി വന്ന കോൺഗ്രസിന് തിരഞ്ഞെടുപ്പു വിജയങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ലഹരിയാക്കിയ പ്രശാന്തിനെപ്പൊലൊരു ചാണക്യനെ ആവശ്യമാണെന്ന തരത്തിൽ സംസാരം പാർട്ടിക്കുള്ളിൽനിന്നു തന്നെ ഉണ്ടായി. അതിനു ബദലായി എതിർസ്വരങ്ങളും തലപൊക്കിയെങ്കിലും സോണിയ– രാഹുൽ നേതൃത്വത്തിന് പ്രശാന്തിന്റെ വഴിയെ സഞ്ചരിക്കാനാണു താൽപര്യമെന്നു മനസ്സിലായതോടെ പ്രശാന്തിന് പച്ചക്കൊടി ഉയർന്നു. പക്ഷേ പ്രശാന്തിന്റെ വഴിയും കോൺഗ്രസിന്റെ വഴിയും അങ്ങനെ പെട്ടെന്ന് ഒത്തുപോകുന്നതായിരുന്നില്ല.

പ്രശാന്ത് കിഷോർ. Photo: JoinPKTeam/ Facebook
പ്രശാന്ത് കിഷോർ (ഐ–പാക് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

കോൺഗ്രസ് നേതൃത്വം നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനല്ല, മറിച്ച് കോൺഗ്രസ് നേതൃത്വത്തെത്തന്നെ നയിക്കുന്ന ഒറ്റയാനാകാനാണ് പ്രശാന്ത് കിഷോർ ആഗ്രഹിച്ചതെന്നാണ് സൂചനകൾ. കോൺഗ്രസിന്റെ ആശനവിനിമയ സംവിധാനങ്ങളും സന്ദേശങ്ങളും പൂർണമായും കൈകാര്യം ചെയ്യാനുള്ള അധികാരം വേണമെന്നും സ്ഥാനാർഥികളെ തീരുമാനിക്കാനും പുതിയ തന്ത്രങ്ങൾ മെനയാനുമായി കോൺഗ്രസിന്റെ എല്ലാ സംവിധാനങ്ങളിലേക്കും ഡേറ്റകളിലേക്കും പൂർണ അധികാരത്തോടെ കടന്നു ചെല്ലാൻ കഴിയണമെന്നുമായിരുന്നു പ്രശാന്തിന്റെ ആവശ്യമത്രേ.

സോണിയ ഗാന്ധി, പ്രശാന്ത് കിഷോർ
സോണിയാ ഗാന്ധി, പ്രശാന്ത് കിഷോർ

എന്നാൽ അങ്ങനെയൊരു ഒറ്റയാനെ വാഴിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കില്ലായിരുന്നു. തന്റെ ഉപദേശങ്ങളും കണ്ടെത്തലുകളും പാർട്ടിയിൽ ചർച്ചയാക്കാതെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു മാത്രം റിപ്പോർട്ട് ചെയ്യുമെന്ന പ്രശാന്തിന്റെ തീരുമാനം പാർട്ടിയിൽ കരുത്തനാകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്നു കൂടി ചർച്ചകൾ ഉണ്ടായതോടെ പ്രശാന്തിനെ എത്തിക്കാനുള്ള തീരുമാനത്തോട് പല നേതാക്കളും നെറ്റിചുളിച്ചു.

പ്രിയങ്ക വരണം

പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി അധ്യക്ഷനും രണ്ടു പേർ ആയിരിക്കണമെന്ന ആശയവും പ്രശാന്ത് മുന്നോട്ടുവച്ചു എന്നാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭരണവും സംഘടനാ ചുമതലയും ഒരുമിച്ചു കൊണ്ടുപോകുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ കണ്ടെത്തൽ. പ്രിയങ്ക ഗാന്ധിയെ പാർട്ടി അധ്യക്ഷയാക്കണമെന്നാണ് പ്രശാന്ത് മുന്നോട്ടു വച്ച ആവശ്യം. എന്നാൽ പാർട്ടിയിൽ ഭൂരിഭാഗം പേരും അധ്യക്ഷ സ്ഥാനത്തേക്കു കണ്ടിരുന്നത് രാഹുൽ ഗാന്ധിയെയാണ്.

പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോർ
പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോർ

വിജയിക്കാൻ ‘സഖ്യം’ വേണം..

ബിജെപിക്കു ബദലായി പ്രശാന്ത് കാണുന്നത് കോൺഗ്രസിനെയാണെങ്കിലും പാർട്ടിയുടെ നിലവിലെ ദുർബല സ്ഥിതിയിൽ അത് ‘ബാലികേറാമല’യാണെന്നാണ് പ്രശാന്ത് കരുതുന്നത്. അതിനാൽ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് മോദിക്കെതിരെ ഒരു സഖ്യം രൂപപ്പെടുത്തണമെന്ന് പ്രശാന്ത് പറയുന്നു. കെ.ചന്ദ്രശേഖര റാവു, ജഗൻമോഹൻ റെഡ്ഡി, മമതാ ബാനർജി എന്നിവരുമായി കോൺഗ്രസ് സഖ്യ ചർച്ചകൾ നടത്തണം. എന്നാൽ അത്തരത്തിൽ സഖ്യം രൂപീകരിച്ചാൽ അത് പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയെത്തന്നെ ദുർബലമാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളടക്കം അഭിപ്രായപ്പെടുന്നത്.

രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ
രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ

കോൺഗ്രസിന്റെ ഭാഗമാകാനുള്ള ശ്രമത്തിനിടയിൽ തന്നെ, കിഷോറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ‘ഐ–പാക്ക്’ തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ ടിആർഎസുമായി കൈകോർത്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ടായി. പ്രത്യേകിച്ച് 2023 ലെ തിരഞ്ഞടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് ടിആർഎസിനെ നേരിടാനിരിക്കെ.

kcr-1248
കെ.ചന്ദ്രശേഖര റാവു

കോൺഗ്രസിലേക്ക് എത്തിയാൽ, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്കായി പികെ തന്ത്രങ്ങൾ മെനയുമെന്ന് നേതൃത്വം കരുതി. പക്ഷേ ടിആർഎസുമായി കരാർ ഉറപ്പിച്ച പ്രശാന്ത് കോൺഗ്രസിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധചെലുത്തിയത്. തെലങ്കാനയിൽ കോണ്‍ഗ്രസിനെ മുട്ടികുത്തിക്കാൻ തന്ത്രം മെനഞ്ഞിട്ട്, ലോക്സഭയിൽ ടിആർഎസുമായി കൂടിച്ചേർന്ന് മോദിക്കെതിരെ നീങ്ങാം എന്ന ‘രണ്ടു വള്ളത്തിലെ’ കളി വേണ്ടെന്ന് കോൺഗ്രസ് തുറന്നടിച്ചു.

ആദർശം യോജിക്കില്ല..

കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ ഉൾപ്പെടെ നിർണായക മാറ്റങ്ങൾ പ്രശാന്ത് കിഷോർ മുന്നിൽ കണ്ടിരുന്നു എന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പ്രശാന്ത് തയാറാക്കിയ പദ്ധതി സോണിയയും രാഹുലും മറ്റു 13 മുതിർന്ന നേതാക്കളുമുള്ള യോഗത്തിൽ അവതരിപ്പിച്ചപ്പോൾ അതിലെ മിക്ക നിർദേശങ്ങളോടും നോതാക്കൾക്ക് താൽപര്യം തോന്നി. അതുകൊണ്ടുതന്നെ പ്രശാന്തിനെ കോൺഗ്രസിലെത്തിക്കാൻ ചർച്ചകളും സജീവമായി.

sonia-prashant-rahul-priyanka
സോണിയ ഗാന്ധി, പ്രശാന്ത് കിഷോർ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

പക്ഷേ ഇതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ കോണ്‍ഗ്രസിനുള്ളിൽ വിരുദ്ധാഭിപ്രായങ്ങൾ രൂപപ്പെട്ടു. പ്രശാന്തിന്റെ സേവനം ഏതു നിലയിൽ ആയിരിക്കണമെന്ന ഒരു ചോദ്യം ഉയർന്നു– തിരഞ്ഞെടുപ്പ് കൺസൽറ്റന്റ് ആയോ അതോ മുഴുവൻ സമയ പാർട്ടി ഭാരവാഹിയായോ. അതിൽ സോണിയാ ഗാന്ധി എടുത്ത നിലപാട് ഭൂരിപക്ഷത്തിന്റെ അഭിപ്രായം തേടാം എന്നാണ്.

ഗാന്ധി കുടുംബം തന്നോടൊപ്പം നിൽക്കുമെന്ന് പ്രശാന്ത് ഉറച്ചു വിശ്വസിച്ചപ്പോഴും ‘എംപവേഡ് ആക്‌ഷൻ ഗ്രൂപ്’ എന്ന എട്ടംഗ ഉന്നത സമിതിയിലേക്ക് ക്ഷണം വന്നപ്പോൾ ഇതിൽ മറ്റൊരു ‘ഗെയിം പ്ലാൻ’ ഉണ്ടെന്ന് പ്രശാന്ത് തിരിച്ചറിഞ്ഞു. ഇതോടെ 2024 ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി തന്ത്രങ്ങൾ മെനയുകയും തീരുമാനങ്ങൾ രൂപീകരിക്കുകയും എൻഡിഎ വിരുദ്ധ കക്ഷികളുമായി ചർച്ച നടത്തുകയും ചെയ്യുന്ന 15 ഓളം വരുന്ന കോൺഗ്രസ് പാനലിലെ ഒരംഗം മാത്രമാകുമെന്നു തീർച്ചയായതോടെ കോൺഗ്രസുമായുള്ള ബന്ധത്തിൽനിന്ന് പ്രശാന്ത് പിന്മാറി. തീരുമാനങ്ങളിൽ പൂർണ സ്വാതന്ത്ര്യം ആഗ്രഹിച്ച തന്ത്രജ്ഞന് ഒരു സംഘത്തിന്റെ മാത്രം ഭാഗമാകാനുള്ള ക്ഷണം അംഗീകരിക്കാനാകുമായിരുന്നില്ല.

English Summary : Why Congress-Prashant Kishor Talks Failed Again?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com