ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയ സ്ത്രീയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടിയ, അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ കറാച്ചിയിൽ സ്വയം പൊട്ടിത്തറിച്ചത്. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള നിസാർ അബാദ് സ്വദേശി ഷാരി ബലോച് ആയിരുന്നു ആ ചാവേർ.

ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവർ ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷിർ ബലോച് പ്രതികരിച്ചു. ബഷിർ ബലോച് ദന്തഡോക്ടറാണെന്നും ഇവർക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു മക്കളാണുള്ളതെന്നും രഹസ്യ സങ്കേതത്തിലുള്ള ഭർത്താവിെന ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് പറഞ്ഞു. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഫ്ഗാനിസ്ഥാൻ കേന്ദ്രമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിൽ അറിയിച്ചു.  

ബിഎൽഎയുടെ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന പറയുന്നു. രണ്ടു വർഷം മുൻപാണ് ഷാരി ഈ ചാവേർ‌ സ്ക്വാ‍ഡിൽ അംഗത്വമെടുത്തത്. രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറായില്ലെന്ന് സംഘടന പറയുന്നു. ബലൂചിസ്ഥാനിലെയും പാക്കിസ്ഥാനിലെ മറ്റു സ്ഥലങ്ങളിലേയും ചൈനീസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് ബിഎൽഎ പറയുന്നത്. 

വിദ്യാർഥി ആയിരിക്കുമ്പോൾത്തന്നെ ഷാരി ‘ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷ’ന്റെ ഭാഗമായിരുന്നെന്നും ബലൂചി വംശജർക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു. മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികൾ അനുസരിച്ച് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഷാരിക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ അവർ ‘സേവനമനുഷ്ഠിച്ചു’. ആറു മാസം മുൻപാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിനുശേഷം ഇക്കാര്യം നടപ്പാക്കാനായി ശ്രമിക്കുകയായിരുന്നു അവരെന്ന് സംഘടന പറയുന്നു. 

‘‘ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്ഥാനിൽ അനുവദിക്കാൻ പറ്റില്ല എന്നതാണ് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടതു വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്’’ – ബിഎൽഎ വക്താവ് ജീയാന്ത് ബലോച് പറഞ്ഞു. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെൻസാ എന്നിവരും പാക്കിസ്ഥാൻകാരനായ വാൻ ഡ്രൈവറുമാണ് കറാച്ചിയിലെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്റ്റ് ഹൗസിൽനിന്ന് അധ്യാപകരെ കൊണ്ടുവന്ന വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തിയപ്പോഴായിരുന്നു സ്ഫോടനം. 

ബലൂചിസ്ഥാനിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ബിഎൽഎ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താൻ പാക്കിസ്ഥാൻ സൈന്യത്തിന് സാമ്പത്തികമായും മറ്റും നൽകുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അവരുടെ ബലൂചിസ്ഥാനിലെ വിപുലീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് പറഞ്ഞ ബിഎൽഎ, ചൈന ബലൂചിസ്ഥാനിൽ നടത്തുന്ന പ്രവർത്തനങ്ങള്‍ ഉടൻ അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. 

ബലൂച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡിലെ പരിശീലനം സിദ്ധിച്ച നൂറുകണക്കിന് പേരാണ് ഇത്തരം ആക്രമണങ്ങൾ  ബലൂചിസ്ഥാനിലും പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും നടത്താൻ തയാറെടുത്തിരിക്കുന്നതെന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് സമാധാനപരമായി പിന്മാറുകയാണ് പാക്കിസ്ഥാന് നല്ലതെന്നുമാണ് സംഘടന നൽകുന്ന മുന്നറിയിപ്പ്. തങ്ങളുടെ ആദ്യ വനിതാ ചാവേറാണ് ഷാരി ബലോച് എന്ന് ബിഎൽഎ വ്യക്തമാക്കിയിരുന്നു. 

ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചില ചൈനീസ് പദ്ധതികൾക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പറയുന്നു. 

ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്ക് മേഖലയാണ് ബലൂചിസ്ഥാൻ‍. പാക്കിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുൻപും സായുധ നടപടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 60 ബില്യൻ ഡോളറിന്റെ ചൈന–പാക് സാമ്പത്തിക ഇടനാഴിക്കെതിരെ ബലൂചിസ്ഥാനിലെ സായുധ സംഘങ്ങൾ മുൻപും ആക്രമണമഴിച്ചു വിട്ടിട്ടുണ്ട്.

English Summary: Woman graduate student behind suicide attack at Pakistani university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com