ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പ്രകീർത്തിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനമെന്നും പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു ചീഫ് സെക്രട്ടറി. അദ്ദേഹത്തെ കൂടാതെ സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്തിലെത്തിയിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ഇവരെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.

അദ്ഭുതകരമായ ഒരു സംവിധാനമാണ് ഇതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി, എത്രത്തോളം ആളുകൾ പങ്കാളികളാകുന്നു, ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ ഉൾപ്പെടെ ഇതിലൂടെ നേരിട്ട് അറിയാൻ സാധിക്കും. പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ ഇതു നടപ്പാക്കിയത്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് സ്റ്റാർ റേറ്റിങ്ങും നൽകും. പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ ഇടപെടാനും സാധിക്കും. ഡാഷ് ബോർഡ് വഴി സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം അവിടെ പദ്ധതികളുടെ വേഗം വർധിപ്പിച്ചു. അതു സംസ്ഥാനത്തിനു നേട്ടമായെന്നാണു വിലയിരുത്തൽ.

അതേസമയം, മുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷ ആരോപണം.

English Summary: VP Joy praises Gujarat Dashboard system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com