ADVERTISEMENT

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ശിവഗിരി മഠത്തിന്റെ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതിൽ അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്യൂണിസ്റ്റുകാർ– ഫെയ്സ്ബുക് കുറിപ്പിൽ സുരേന്ദ്രൻ പ്രതികരിച്ചു. 

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആർഎസ്എസ് കാര്യാലയങ്ങളിൽ പുലർച്ചെ ചൊല്ലുന്ന പ്രാർത്ഥനാഗീതം മുതൽ തുടങ്ങുന്ന ശീലം. ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. 1988ൽ ചിന്താവാരികയിൽ ഇഎംഎസ് എഴുതിയത് പാർട്ടി ഓഫിസിലുണ്ടെങ്കിൽ കോടിയേരി വായിക്കണം. ‘‘മാർക്‌സും ഏംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പ് അന്തരിച്ചുപോയ രാജാറാം മോഹൻ റോയി ബൂർഷ്വാ ദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു’’ എന്ന് പറയുന്നതിൽ അസാംഗത്യമില്ല–സുരേന്ദ്രൻ വ്യക്തമാക്കുന്നു. 

ഒരുപടികൂടിക്കടന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം എന്ന പുസ്തകത്തിൽ ‘ഹൈന്ദവ പുനരുത്ഥാനം- ദേശീയതയുടെ വികൃതരൂപം' എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ നിലപാടിൽനിന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകൾ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ലെന്നും സുരേന്ദ്രൻ വിമർശിക്കുന്നു. 

English Summary: K Surendran slams Kodiyeri Balakrishnan on Sree Narayana Guru support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com