ADVERTISEMENT

തിരുവനന്തപുരം∙ ബിഎസ്‌സി പരീക്ഷയ്ക്ക് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കിയത് തിരക്കിനിടയില്‍ സംഭവിച്ച വീഴ്ച മാത്രമെന്ന് കേരള സര്‍വകലാശാലയുടെ വിശദീകരണം. ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് പരീക്ഷയ്ക്ക് പഴയ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്, ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകന്‍റെ വീഴ്ചാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

ബിഎസ്‌സി ഇലക്ട്രോണിക്സ് നാലാം സെമസ്റ്റർ വിദ്യാർഥികൾക്കായി സിഗ്നൽ ആൻഡ് സിസ്റ്റംസ്‌ എന്ന വിഷയത്തിൽ നടത്തിയ പ്രത്യേക പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കിയത്. പരീക്ഷ നടന്നപ്പോഴോ ഉത്തരക്കടലാസ് ലഭിച്ചപ്പോഴോ സര്‍വകലാശാല ഇക്കാര്യം അറിഞ്ഞുപോലുമില്ല. മുല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍വകലാശാല തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞത്.

പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബിഎ ഇംഗ്ലിഷ് ആന്‍ഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് കോഴ്സിലെ ആറാം സെമസ്റ്റര്‍ മെത്തഡോളജി ഒഫ് ഹ്യുമാനിറ്റീസ് പരീക്ഷ റദ്ദുചെയ്യേണ്ടി വന്നു. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായ നോട്ടക്കുറവോ പരീക്ഷാ നടത്തിപ്പിലെ അപാകതകളോ തുറന്നുസമ്മതിക്കാൻ വിസി തയാറായിട്ടില്ല.

English Summary: Kerala University Exam: VC Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com