ADVERTISEMENT

കൊൽക്കത്ത∙ ഞായറാഴ്ച മുംബൈയിൽനിന്ന് ബംഗാളിലെ ദുർഗാപുരിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് സഹായത്തിനായി നിലവിളി കൂട്ടുന്ന യാത്രക്കാരുടെയും വിമാനത്തിന്റെ തറയിൽ ചിതറിക്കിടക്കുന്ന ഓക്സിജൻ മാസ്കുകളുടെയും വിഡിയോ പുറത്തുവന്നിരുന്നു. 

40 യാത്രക്കാർക്കു പരുക്കേറ്റതിൽ 12 പേരുടെ നില ഗുരുതരമാണ്. വെസ്റ്റ് ബുർദ്വാനിലുള്ള ആൻഡാലിലെ കാസി നസ്റുൽ ഇസ്‌ലാം വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവെയാണ് സംഭവം. ലാൻഡിങ്ങിനിടെ വിമാനം ആടിയുലയുന്ന സംഭവം ഇതാദ്യമല്ല റിപ്പോർട്ട് ചെയ്യുന്നത്. അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതോടെ എന്തുകൊണ്ടാണ് വിമാനങ്ങൾ ആടിയുലയുന്നത് എന്ന ചോദ്യം വീണ്ടും ഉയരുന്നു.

സ്പൈസ്ജെറ്റ് വിമാനത്തിന് സംഭവിച്ചത് എന്ത്?

ഇടിമിന്നലും ശക്തമായ കാറ്റും മഴയും ഉൾപ്പെടുന്ന ‘കൽബൈശാഖി’ എന്ന് പ്രദേശത്തുകാർ വിശേഷിപ്പിക്കുന്ന കൊടുങ്കാറ്റ് വരുന്നതിനിടയിൽ വിമാനം പെട്ടുപോയതാണെന്നാണ് പുറത്തുവരുന്ന വിവരം. കാലാവസ്ഥാ പ്രവചനം മനസ്സിലാക്കുന്നതിൽ പൈലറ്റുമാർക്കു വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. കൽബൈശാഖി വരുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ വിമർശിച്ച് പേര് പുറത്തുവിടാത്ത ചില പൈലറ്റുമാർ തന്നെ രംഗത്തെത്തി. കൊടുങ്കാറ്റ് വരുമെന്നത് മുൻകൂട്ടിക്കണ്ട് വിമാനം കുറച്ചു വൈകിപ്പിക്കണമായിരുന്നുവെന്നും നേരെ ചെന്ന് കയറിക്കൊടുക്കരുതായിരുന്നുവെന്നും ഇവർ പറയുന്നു.

എന്താണ് ടർബുലൻസ്? എങ്ങനെ വിമാനത്തെ ബാധിക്കും?

ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്‌. കാറ്റിന്റെ സമ്മര്‍ദത്തിലും  ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും – ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതുപോലെയും അനുഭവപ്പെടാം.

1248-spiceJet-aircraft
സ്പൈസ്ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ. വിഡിയോയിൽനിന്നെടുത്ത ചിത്രം.

വായുവിന്റെ സ്ഥിരത അനുസരിച്ച് ലൈറ്റ്, മോഡറ്റേറ്റ്, സിവിയർ, എക്സ്ട്രീം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ടർബുലൻസിനെ പെടുത്താം. മേഡറേറ്റ് വിഭാഗത്തിൽപ്പെടുന്ന ടർബുലൻസ് ആണെങ്കിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകില്ല. സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്ന യാത്രക്കാർക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നേയുള്ളൂ. എന്നാൽ എക്സ്ട്രീം ടർബുലൻസിൽ വിമാനം ഉയരത്തിൽനിന്നു വലിച്ചു താഴോട്ടോ മുകളിലോട്ടോ ഇടുന്നതുപോലെയുള്ള അനുഭവമായിരിക്കും ഉണ്ടാകുക. പൈലറ്റുമാർക്ക് വിമാനം നിയന്ത്രിക്കാൻ വളരെയേറെ ബുദ്ധിമുട്ടും ഉണ്ടാകും.

കൽബൈശാഖി

ശക്തിയേറിയ കാറ്റും പേമാരിയുമാണ് കൽബൈശാഖിയുടെ പ്രത്യേകത. ബംഗാളി ഭാഷയിലെ ബൈശാഖ‌് മാസത്തിൽ വരുന്ന കൊടുങ്കാറ്റ് ആയതിനാലാണ് ഈ പേര്. ഛോട്ടാനാഗ്പുർ പീഠഭൂമിയിൽ ഉദ്ഭവിച്ച് ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാക്കുന്ന മഴയാണ് കൽബൈശാഖി. നോർവെസ്റ്റേർസ് എന്നാണ് ഇംഗ്ലിഷിൽ ഇത് അറിയപ്പെടുന്നത്.

യാത്രക്കാർ മുൻകരുതൽ എടുക്കേണ്ടത് എങ്ങനെ?

അപ്രതീക്ഷിത ടർബുലൻസിനെ പ്രതിരോധിക്കാൻ യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പു പരിഭ്രാന്തരാകാതെ വിമാന ജീവനക്കാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. ബാഗുകൾ പോലുള്ളവ സീറ്റിന്റെ അടിവശത്ത് വയ്ക്കുക. തലയ്ക്കു മുകളിലുള്ള റാക്കിൽനിന്ന് ലഗേജ് വീഴാൻ സാധ്യതയുള്ളതിനാൽ കുനിഞ്ഞിരുന്ന് തലയ്ക്കു മുകളിൽ കൈവച്ച് തടസ്സം സൃഷ്ടിക്കുക. ഛർദ്ദിൽ ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദീർഘമായി ശ്വസിക്കുക – തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.

English Summary: What happened to Spicejet and Air Turbulence Issue?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com