ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിലെ കോവി‍ഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അസംബന്ധമെന്ന് കോവിഡ് പ്രവർത്തന സമിതി മേധാവി ഡോ.എൻ.കെ. അറോറ. 4.7 മില്യനിലധികം ആളുകൾ‌ കോവിഡ് മൂലം ഇന്ത്യയിൽ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

‘കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 10–20% വ്യത്യാസം വന്നേക്കാം. സിവിൽ റജിസ്ട്രേഷൻ സിസ്റ്റത്തിലൂടെ (സിആർഎസ്) ഭൂരിഭാഗം മരണങ്ങളും റിപ്പോർ‌ട്ട് ചെയ്തിട്ടുണ്ട്.  2018ൽ 85–88% മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020ൽ 98–99% മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലും 2019ലും ഏഴ് ലക്ഷം മരണം അധികം റിപ്പോർട്ട് ചെയ്തു. ആ മരണങ്ങളെല്ലാം കോവിഡ് മൂലമാണെന്ന് പറയാൻ സാധിക്കുമോ. 

ഇന്ത്യ വലിയ രാജ്യമാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ത്വരിതഗതിയിലാക്കി. വിട്ടുപോയ മരണങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ പതിൻമടങ്ങാണ് കോവിഡ് മരണങ്ങളെന്ന് അംഗീകരിക്കാൻ സാധിക്കില്ല– അറോറ പറഞ്ഞു. 

ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. പിന്നാലെ, മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.

ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ, പാക്കിസ്ഥാനിൽ അതിന്റെ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകും– റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.

English Summary: WHO Estimate Of India Deaths Preposterous: Covid Panel Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com