ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണവിധേയമെന്നു സർക്കാർ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. പോസിറ്റീവ് കേസുകൾ ഇനിയും ഉയർന്നാൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാ‍ക്കുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് ആലോചന തുടങ്ങി. ഏപ്രിൽ 10ന് സംസ്ഥാനത്ത് 223 കോവിഡ് കേസാണ് റിപ്പോ‍ർട്ടു ചെയ്തത്. എന്നാൽ, ഇതിനുശേഷം കോവിഡ് ബാധിച്ചവരുടെ ‍എണ്ണം കൂടുന്നു‍വെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏപ്രിൽ ഒന്നിന് 418 കേസുകളാണ് റിപ്പോ‍ർട്ടു ചെയ്തത്. 11 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 9 തവണ പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കടന്നു. 28ന് 412 പോസിറ്റീവ് കേസുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡി‍ൽ (dashboard.kerala.gov.in) കോവിഡ് 19 വിഭാഗത്തി‍ൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ ആകെ 8754 പേർ കോവിഡ് പോസിറ്റീവായി, 9063 പേർ രോഗമുക്തി നേടി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡെത്ത് ഇൻഫർമേഷൻ സിസ്‍റ്റത്തിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‌30 ദിവസത്തെ കാലയളവിൽ 1156 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 2580 മരണം രേഖപ്പെടുത്തി. എന്നാൽ, ജില്ല തിരിച്ചുള്ള മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച രോഗ സ്ഥിരീ‍കരണ നിരക്ക് (ടിപിആർ) 2.67 ആണ്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് ഏപ്രിൽ 10 വരെ മാത്രമാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുറത്തു‍ വിട്ടത്. കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണു പ്രതിദിന കണക്കുകൾ പുറത്തു വിടുന്നത് അവസാനിപ്പിച്ചത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്നാണു മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയും, ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാൻ നിർദ്ദേശിച്ചും ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്.

അതേസമയം, കോവിഡ് ബാധിച്ച് മുൻപു മരിച്ചവരുടെ ആശ്രിതർ അപ്പീൽ നൽകിയതും, പൂർണമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നു പട്ടികയിൽ ഉൾപ്പെടുത്താത്ത‍തുമായ കണക്കുകൾ കൂടി ചേർത്താണ് ഇത്രയും മരണങ്ങൾ റിപ്പോ‍ർട്ടു ചെയ്യുന്നതെന്നും, മരണസംഖ്യയെ‍ക്കുറിച്ചു പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു ‘മനോരമ’യോടു പറഞ്ഞു. കോവിഡ് കേസുകൾ വർധിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും, ആശങ്ക വേണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.

∙ 5 ജില്ലകളിൽ പ്രതിദിന കേസുകൾ കൂടുതൽ

എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഏപ്രിൽ 30ന് 88 കോവിഡ് കേസുകളാണ് എറണാകുളത്തു മാത്രം രേഖപ്പെടുത്തിയത്.

∙ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാനത്ത് റിപ്പോ‍ർട്ടു ചെയ്ത കോവിഡ് കണക്ക് (സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡി‍ൽ രേഖപ്പെടുത്തിയത്)

∙ ജനുവരി

മരണം–11,640

പോസിറ്റീവ് കേസുകൾ–7,78,496

∙ ഫെബ്രുവരി

മരണം–10,838

പോസിറ്റീവ് കേസുകൾ–6,39,910

∙ മാർച്ച്

മരണം–2580

പോസിറ്റീവ് കേസുകൾ–33,469

English Summary: Covid positive cases increasing at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com