ADVERTISEMENT

തിരുവനന്തപുരം∙ പാചക വാതക സിലണ്ടറിന്റെ വില 50 രൂപ വീണ്ടും വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന പിടിച്ചുപറിയാണിത്. ഇതുകാരണം സാധാരണക്കാരന്റെ അടുക്കളകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘‘ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിച്ചു. നികുതി ഭീകരതയാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. സാധാരണക്കാര്‍ ഒരു ദിവസം കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം വിവിധ നികുതികളിലൂടെ തിരിച്ചുപിടിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. തൊഴിലും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കി. വാണിജ്യ സിലിണ്ടറിനു തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണ വിലയെയും കാര്യമായി ബാധിച്ചു. ജനങ്ങളുടെ ജീവിതം അനുദിനം ദുരിതത്തിലാകുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനെ കുറിച്ച് ഒരു ഉത്കണ്ഠയുമില്ല’ – സുധാകരൻ ചൂണ്ടിക്കാട്ടി.

‘‘ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത ഇന്ധനവിലയാണ് നമ്മുടെ നാട്ടില്‍. ജനങ്ങളെ പണം ഉണ്ടാക്കാനുള്ള കറവപ്പശുവിനെപ്പോലെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്. പെട്രോള്‍-ഡീസല്‍ വില 100 രൂപ കടന്നിട്ട് നാളേറെയായി. നികുതിക്കൊള്ളയാണ് ഇതിനു കാരണം. അതില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ രണ്ടു സര്‍ക്കാരുകളും തയാറാകുന്നില്ല’ – സുധാകരൻ പറഞ്ഞു.

‘‘കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. ആ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. സംസ്ഥാനം വില വര്‍ധിപ്പിക്കാത്തതിനാല്‍ ഇന്ധനവില കുറയ്ക്കില്ലെന്ന വിചിത്രവാദം ഉയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നികുതി ഭാരം ഉയര്‍ത്തി ജനങ്ങളുടെ നടുവൊടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ ഹിതപരിശോധനയും ജനവിധിയും ആയിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക’ – കെ.സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran on LPG cylinder price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com