ADVERTISEMENT

ചെന്നൈ ∙ കൂട്ടയൊപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പുറത്തുവിട്ടതിന്റെ പേരില്‍ ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ പൊതുപ്രവര്‍ത്തകനെ ആക്രമിച്ച് വനിതാ ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ‍വകുപ്പിലെ സയന്റിഫിക് ഓഫിസര്‍ കൂടിയായ പൊതുപ്രവര്‍ത്തകൻ റോയപുരം പൊലീസില്‍ പരാതി നല്‍കി.

ജോലിക്കെത്താതെ മുങ്ങിനടന്ന് ഒടുവില്‍ റജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു പുറത്തായത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുമാരുടെ തട്ടിപ്പ്, ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്നു. ഇതോടെ കോളജ് അധികാരികള്‍ അന്വേഷണം പ്രഖ്യാപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കോളജിലെ ഫൊറന്‍സിക് വകുപ്പിലെ സയന്റിഫിക് ഓഫിസര്‍ ലോകനാഥന് അന്വേഷണ സമിതി സമന്‍സ് അയച്ചു.

കഴിഞ്ഞദിവസം ഓഡിറ്റോറിയത്തില്‍ നടന്ന തെളിവെടുപ്പില്‍ വാദങ്ങള്‍ എഴുതി നല്‍കുന്നതിനിടെയാണു വനിതാ ഡോക്ടറുമാരുടെ കൂട്ട ആക്രമണമുണ്ടായത്. ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള മുറിയിലേക്കു വരാന്‍ ആവശ്യപ്പെട്ട സംഘത്തോടു പറ്റില്ലെന്ന് ലോകനാഥന്‍ പറഞ്ഞു. പിറകെ വനിതാ ഡോക്ടര്‍മാരുടെ സംഘം ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നും ലോകനാഥന്‍ പറയുന്നു. നാല്‍പതിലേറെ വരുന്ന വനിതാ ഡോക്ടര്‍മാരാണ് ആക്രമിച്ചതെന്ന് റോയപുരം പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് അന്വേഷിക്കണമെന്നാണ് ലോകനാഥന്റെ ആവശ്യം. ആക്രണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

English Summary: Chennai Stanley medical college hospital doctors attacked employee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com