ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും.
ദേശീയരാഷ്ട്രീയത്തിലും സംസ്ഥാന ഭരണത്തിലും കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയിച്ച സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും സമാജ്‍വാദി പാര്‍ട്ടിയും. ഇത്തവണ കോണ്‍ഗ്രസിന് പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഇവർ ആവശ്യപ്പെടും. സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ പിന്തുണയ്ക്കൂ.
കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലാണ് മുഖ്യമന്ത്രിമാരുള്ളത്. ആം ആദ്മി പാര്‍ട്ടിക്കും രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന് ടിഎംസി ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസാണ് തീരുമാനിച്ചത്. മറ്റു പ്രതിപക്ഷപ്പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തു.
അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ബിജെഡിയെയും ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ നവീന്‍ പട്നായിക്കുമായും വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢിയുമായും ചര്‍ച്ച നടത്തും. എന്‍ഡിഎയുടെ ഭാഗമാണെങ്കിലും അസംതൃപ്തികളുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 25ന് അവസാനിക്കും. ജൂലൈ രണ്ടാംവാരം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവിന്‍റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഒാഗസ്റ്റില്‍ നടക്കും.
English Summary: Opposition parties pressurise Congress over President Polls