ADVERTISEMENT

ന്യൂഡൽഹി∙ പാചകവാതക വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്കുവേണ്ടി നിലകൊള്ളാൻ രാജ്യത്ത് കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുൽ പാചകവാതക വിലവർധനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് ഭരിക്കുന്ന കാലത്തെ പാചകവാതക വിലയും ബിജെപി ഭരണത്തിൽ ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്താണ് ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങൾക്ക് രക്ഷയായി കോൺഗ്രസ് മാത്രമേയുള്ളൂവെന്ന രാഹുലിന്റെ പ്രസ്താവന.

യുപിഎ സർക്കാരിന്റെ കാലത്ത് 2014ൽ 827 രൂപ സബ്സിഡി നൽകിയിരുന്നതിനാൽ സിലിണ്ടറിന്റെ വില 410 രൂപയായിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ സബ്സിഡി പൂർണമായും പിൻവലിച്ചു. ഇതോടെ 2022 എത്തിയപ്പോഴേക്കും പാചകവാതക വില സിലിണ്ടറിന് 999 രൂപയായി ഉയർന്നു. അതായത് ഒരു സിലണ്ടറിലുണ്ടായ വർധന 594 രൂപ! കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് രണ്ട് സിലിണ്ടർ വാങ്ങാനുള്ള പണമാണ് ഇന്ന് ഒറ്റ സിലിണ്ടറിനു നൽകേണ്ടതെന്നും രാഹുൽ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്കു വേണ്ടി മുൻപ് കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാ കവചങ്ങളെല്ലാം കേന്ദ്രം പിൻവലിച്ചതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ലക്ഷക്കണക്കിനു കുടുംബങ്ങൾ മല്ലടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനത്തിന് ഇരുട്ടടിയായിട്ടാണ് രാജ്യത്ത് വീണ്ടും പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. മാർച്ച് 22ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിനു വില കൂട്ടിയത്. അന്നും 50 രൂപ വർധിപ്പിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷമാണ് ഇന്ധന, പാചകവാതക വിലയിൽ വീണ്ടും വർധന തുടങ്ങിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതാണു കാരണമെന്നാണു വിശദീകരണം.

English Summary: Rahul Gandhi on LPG price hike: ‘Only Congress governs for poor, middle class’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com