7 പേർ മരിച്ച തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമല്ല; പ്രണയം തള്ളിയതിന്റെ പ്രതികാരം

indore-fire
SHARE

ഇൻഡോർ∙ മധ്യപ്രദേശിലെ ഇൻഡോറിൽ വിജയ് നഗറിലെ മൂന്നു നില ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ച സംഭവത്തിനു പിന്നിൽ വൈദ്യുതി ഷോർട് സർക്യൂട്ട് അല്ലെന്നു വെളിപ്പെടുത്തൽ. തീപിടിത്തമുണ്ടായ ഫ്ലാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യർഥന നിരസിച്ചതിൽ കുപിതനായി പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടിത്തത്തിനു കാരണക്കാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതേ കെട്ടിടത്തിൽ താമസക്കാരനായിരുന്ന സഞ്ജയ് ദീക്ഷിത് (27) ആണു തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. പ്രണയാഭ്യർഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാൻ ഇയാൾ അവരുടെ സ്കൂട്ടർ കത്തിച്ചതാണ് ഏഴു പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ കസ്റ്റഡിയിലാണ്.

തീപിടിത്തമുണ്ടായ ഫ്ലാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന വ്യക്തിയാണ് സംഭവത്തിൽ പൊലീസ് പിടിയിലായ ശുഭം എന്ന സഞ്ജയ് ദീക്ഷിത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു യുവതിയോട് സഞ്ജയ് അടുത്തിടെ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ഇയാളുടെ പ്രണയാഭ്യർഥന തള്ളിയ യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസം മറ്റൊരു വ്യക്തിയുമായി ഉറപ്പിച്ചു.

ഇതിൽ കുപിതനായി സഞ്ജയ് ദീക്ഷിത് ശനിയാഴ്ച പുലർച്ചെ യുവതിയുടെ സ്കൂട്ടർ പാർക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു. ഈ സ്കൂട്ടറിൽനിന്ന് തീനാളങ്ങൾ മൂന്നു നില കെട്ടിടത്തിലേക്കു പടർന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് പുലർച്ചെ മൂന്നിനും നാലിനും ഇടയിലായതിനാൽ ഫ്ലാറ്റുകളിലെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

കെട്ടിടത്തിനു തീപിടിച്ച് അവിടുത്തെ താമസക്കാരായ ഏഴു പേരാണ് വെന്തുമരിച്ചത്. അതേസമയം, ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ച യുവതി അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഗുരുതരമായി പൊള്ളലേറ്റ ഒൻപതു പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

സ്കൂട്ടറിൽനിന്ന് തീ കെട്ടിടത്തിലേക്കു പടർന്നതോടെ ഓടി രക്ഷപ്പെട്ട സഞ്ജയ് ദീക്ഷിതിനെ ശനിയാഴ്ച വൈകിട്ട് ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തീപിടിത്തത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സഞ്ജയ് ദീക്ഷിതാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. ഇയാൾ സ്കൂട്ടറിനു തീയിടുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.

കെട്ടിടത്തിനു തീപിടിച്ചതിനു പിന്നാലെ പുറത്തേക്കുള്ള പ്രധാന കവാടത്തിലും സ്റ്റെയർകേസിലും തീ പടർന്നതാണ് അപകടം രൂക്ഷമാക്കിയത്. തീനാളങ്ങളും കറുത്ത പുകയും കാഴ്ച മറച്ചതോടെ ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങിയവർക്ക് രക്ഷപ്പെടാനാകാതെ വന്നു. മൂന്നാം നിലയിൽനിന്ന് ടെറസിലേക്കു തുറക്കുന്ന വാതിൽ തീപിടിച്ച് ചുട്ടുപൊള്ളുന്ന അവസ്ഥയിലായതും താമസക്കാർക്ക് തിരിച്ചടിയായി.

English Summary: Rejected by girl, man started fire at Indore building that claimed 7 lives; arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA