ADVERTISEMENT

ന്യൂയോര്‍ക്ക്∙ ദുരൂഹസാഹചര്യത്തില്‍ മരിക്കാനുള്ള സാധ്യത ട്വീറ്റ് ചെയ്ത് ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. ‘ദുരൂഹ സാഹചര്യത്തില്‍ ഞാൻ മരിക്കുകയാണെങ്കില്‍, നിങ്ങളെ എല്ലാവരെയും അറിയാൻ കഴിഞ്ഞതില്‍ സന്തോഷം’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്നുവെന്നു കാട്ടുന്ന റിപ്പോർട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയാണ് റെഗോസിന്റെതായി മസ്ക് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയായിരുന്നു ‘സ്വന്തം ദുരൂഹമരണം’ സംബന്ധിച്ച മസ്കിന്റെ തുടർ പോസ്റ്റ്.

‘യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗണിന്റെ കൂടി സഹായത്തോടെ സ്റ്റാർലിങ്ക് ഉപകരണങ്ങൾ നൽകിയതിലൂടെ യുക്രെയ്ൻ സേനയ്ക്ക് സൈനിക, വാർത്താവിനിമയ സംവിധാനങ്ങൾ നൽകുന്നതിൽ മസ്ക്കും ഉൾപ്പെട്ടു. ഇതിൽ മസ്ക് മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്നെ ഉത്തരം പറയേണ്ടതായി വരും. ഇതിൽ മണ്ടൻ കളിക്കാൻ നോക്കേണ്ട’ – റൊഗോസ് റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു കാട്ടി മസ്ക് പുറത്തുവിട്ട ഇംഗ്ലിഷ് പരിഭാഷയിൽ പറയുന്നതിങ്ങനെ. മരിയുപോളില്‍ നാത്സി അവോവ് ബറ്റാലിയനും യുക്രെയ്ന്‍ മറൈനുകള്‍ക്കും സ്റ്റാര്‍ലിങ്ക് കമ്പനിയുടെ ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ കൊടുത്തതായും ഈ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

മാർച്ചിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് നെറ്റ്‌വർക്ക് തടസ്സപ്പെടുത്തുന്നത് ലക്ഷ്യമിട്ട് റഷ്യയിൽ നിന്നുണ്ടായെന്നു കരുതുന്ന ഒരു നീക്കം പ്രതിരോധിച്ചതായി മസ്ക് നേരത്തെ അറിയിച്ചിരുന്നു. മസ്‌കിന്റെ ദുരൂഹമരണ ട്വീറ്റിന് വന്‍ പ്രതികരണമാണ് ഉണ്ടായത്. ‘ഇത് തമാശയല്ല’ എന്നാണ് മസ്കിന്റെ മാതാവ് മയെ മസ്ക് ട്വീറ്റ് ചെയ്തത്. ‘മാപ്പ്, ജീവിച്ചിരിക്കാൻ എനിക്ക് കഴിയാവുന്നത് ഞാൻ ചെയ്യാം’ – എന്നായിരുന്നു മാതാവിന്റെ ട്വീറ്റിന് മസ്ക്കിന്റെ മറുപടി.

മസ്കിന്റെ മരണമുണ്ടായാൽ തനിക്ക് ടിറ്റർ തരുമോ എന്നു ചോദിച്ചവരും ഉണ്ടായി.

'നിങ്ങള്‍ മരിക്കില്ല. ഈ ലോകത്തെ മാറ്റിമറിക്കാന്‍ നിങ്ങള്‍ വേണം' തുടങ്ങി നിരവധി പേരാണ് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിലെ ജയിലില്‍ മരിച്ച അമേരിക്കന്‍ വ്യവസായിയും കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകനുമായ ജോൺ മക്അഫീയുടെ(75)  വിവരങ്ങളും ഇതോടൊപ്പം ചിലര്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ 26-നാണ് മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയത്.

English Summary: Musk Tweets About His 'Death Under Mysterious Circumstamces'; Indications Towards Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com