ADVERTISEMENT

കൊളംബോ ∙ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കു പിന്നാലെ രാജ്യം ആഭ്യന്തര കലാപത്തിൽ. പ്രതിഷേധക്കാരുടെ എതിർപ്പിനിടെ രക്ഷ തേടി ഒരു കെട്ടിടത്തിൽ അഭയം തേടിയ ഭരണകക്ഷി എംപിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന(എസ്‌എൽപിപി) എംപി അമരകീർത്തി അത്തുകൊറോളയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിട്ടുംബുവ പട്ടണത്തിൽ എംപിയുടെ കാർ തടഞ്ഞ പ്രതിഷേധക്കാരിൽ രണ്ടു പേർക്കെതിരെ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ എംപിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എംപിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ചനിലയിൽ കണ്ടെത്തി.

Demonstrators and government supporters clash | Colombo | (Photo by Ishara S KODIKARA / AFP)
അക്രമം ഉണ്ടായ സ്ഥലത്തുനിന്നുള്ള ചിത്രം (Photo by Ishara S. KODIKARA / AFP)

ആയിരങ്ങൾ കെട്ടിടം വളഞ്ഞതോടെ സ്വന്തം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് എംപി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വാർത്താ എജൻസിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എംപിയുടെ വെടിയേറ്റ പ്രക്ഷോഭകരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. സ്വയരക്ഷയ്ക്കായി എംപി കാറിൽ പായുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

തലസ്ഥാനമായ കൊളംബോയിലെ സംഘർഷങ്ങളിൽ കുറഞ്ഞത് 138 പേരെ പരുക്കേറ്റ നിലയിൽ കൊളംബോ നാഷനൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. ജനകീയ പ്രക്ഷോഭകരും സർക്കാർ അനുകൂലികളും ഏറ്റുമുട്ടിയതോടെ കൊളംബോയിലെ തെരുവുകൾ സംഘർഷഭരിതമായി.

കൊളംബോയിൽ മന്ത്രിമന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാർ കത്തിച്ചു. ബസുകൾക്കു നേരെ വ്യാപക അക്രമമുണ്ടായി. പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർക്കു പരുക്കേറ്റു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധിക്കുന്ന സർക്കാർ വിരുദ്ധ സമരക്കാർക്കു നേരെ സർക്കാർ അനുകൂലികൾ തിങ്കളാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. അവരുടെ ടെന്റുകൾ പൊളിക്കുകയും പ്ലക്കാർഡുകൾ വലിച്ചികീറുകയും ചെയ്തു.

തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതോടെ കൊളംബോയിൽ കർഫ്യൂ പ്രഖ്യാപിച്ചു. അതിനിടെയാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി പ്രഖ്യാപിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദമേറിയിരുന്നു. സ്വയം പുറത്തുപോകാൻ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം ഉണ്ടായത്.

മഹിന്ദ രാജപക്സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന(എസ്എൽപിപി)യിൽനിന്നു തന്നെ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ തന്നെ പിന്തുണയ്ക്കുന്നവരെ മുൻനിർത്തി ഈ നീക്കത്തിന്റെ മുനയൊടിക്കാനുള്ള മഹിന്ദയുടെ നീക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്.

ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തു. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസ് മനുഷ്യച്ചങ്ങല തീർത്തു. അതു മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്.

English Summary: Sri Lanka ruling party MP found dead after clashes over economic crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com