ദാവൂദ് ഇബ്രാഹിമിനെ കുരുക്കാൻ എൻഐഎ; മുംബൈയിൽ വ്യാപക റെയ്ഡ്, കൂട്ടാളി പിടിയിൽ

Dawood Ibrahim
ദാവൂദ് ഇബ്രാഹിം (ഫയൽ ചിത്രം)
SHARE

മുംബൈ∙ അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ പൂട്ടാനൊരുങ്ങി നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). മുംബൈയിലെ ദാവൂദിന്റെ കൂട്ടാളികളുടേത് ഉൾപ്പെടെ 20 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ദാവൂദിന്റെ കൂട്ടാളിയായ സലിം ഫ്രൂട്ടിനെ മുംബൈയിലെ വസതിയിൽനിന്ന് എൻഐഎ പിടികൂടി. ഇയാളിൽനിന്ന് ചില പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.

ബാന്ദ്ര, കുർല, മാഹിം, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ റിയൽ എസ്റ്റേറ്റ് മാനേജർമാർ, ഷാർപ്പ് ഷൂട്ടർമാർ, ലഹരി കടത്തുകാർ, ഹവാല ഇടപാടുകാർ, ക്രിമിനൽ സംഘത്തിലെ മറ്റു നിർണായക ചുമതലയിലുള്ളവർ തുടങ്ങിയവരെ ഉന്നമിട്ടായിരുന്നു റെയ്ഡ്.

ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കുന്നതിനായി സംഘടിത കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുന്നുവെന്നു കാട്ടി ഡി കമ്പനിയുടെ ഉന്നത നേതൃത്വത്തിൽ ഉള്ളവർക്കെതിരെ ഉൾപ്പെടെ എൻഐഎ ഫെബ്രുവരിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട പലരും നിലവിൽ വിദേശത്താണ്. ഇവർക്കെതിരെ യുഎപിഎ നിയമവും ചുമത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ കറാച്ചിയിൽ സുരക്ഷാ താവളത്തിലിരുന്ന് ഇന്ത്യയിൽ അധോലോകം നടത്തിക്കൊണ്ടുപോകുന്ന ദാവൂദിന്റെ ചെയ്തികൾ എൻഐഎ നിരീക്ഷിക്കുന്നുണ്ട്. ദാവൂദിന്റെ കൂട്ടാളികളായ ഛോട്ട ഷക്കീൽ, ജാവദ് ചിക്ന, ടൈഗർ മേമൻ, ഇഖ്ബാൽ മിർച്ചി, സഹോദരി ഹസീന പാർക്കർ എന്നിവരും നിരീക്ഷണ വലയത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2003ൽ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും യുഎസും ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1993ലെ ബോംബെ സ്ഫോടനക്കേസിനെ തുടർന്നാണിത്. 25 ദശലക്ഷം യുഎസ് ഡോളറാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. അടുത്തിടെ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽനിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ സർക്കാരും ദാവൂദിനും മറ്റ് 87 പേർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: NIA cracks down on Dawood, raids associates in Mumbai in terror cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA