ADVERTISEMENT

ന്യൂഡൽഹി∙ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളുടെ വ്യാപക പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ സംഘടിപ്പിച്ചത്. അതിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

‘‘നടുറോഡിലിരുന്ന് പ്രതിഷേധിച്ചാൽ അത് കനത്ത ഗതാഗതക്കുരുക്കിനു കാരണമാകും. ഇത് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പിന്നീട് വിട്ടയയ്ക്കും’ – പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്ന് ഭഗ്‌വാൻ ഗോയൽ അവകാശപ്പെട്ടു. വിക്രമാദിത്യ രാജാവാണ് ഇതു പണികഴിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘വിക്രമാദിത്യ മഹാരാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് കുത്തബ്ദ്ദീൻ അയ്ബക് ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം അയ്ബക് നശിപ്പിച്ചു. കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുള്ളത് ഇതിനു തെളിവാണ്. അതുകൊണ്ടുതന്നെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഭഗ്‌വാൻ ഗോയൽ വ്യക്തമാക്കി.

ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിച്ചും ഹനുമാൻ ചാലിസ ചൊല്ലിയുമാണ് പ്രതിഷേധക്കാർ കുത്തബ് മിനാറിനു പുറത്ത് സംഘടിച്ചത്. ‘കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് കുറിച്ച പ്ലക്കാർഡുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.

കുത്തബ് മിനാർ വളപ്പിൽ ഹിന്ദു - ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനിടെ, തലസ്ഥാന നഗരത്തിൽ മുഗൾ രാജാക്കൻമാരുടെ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ കേന്ദ്രങ്ങളായ അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസീബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയവയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ഡൽഹി ബിജെപിയും രംഗത്തെത്തി. ഇവയുടെ പേരുകൾ മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിങ്, വാൽമീകി മഹർഷി, ജനറൽ വിപിൻ റാവത്ത് തുടങ്ങിയവരുടെ പേരുകളിലേക്കു മാറ്റണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

English Summary: Hanuman Chalisa in Qutub Minar Complex; Delhi Police on Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com