ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്‍ആർടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നു പറഞ്ഞു കയ്യൊഴിഞ്ഞ മന്ത്രി ആന്റണി രാജു തൃശൂരിലേക്കു പോയി. യൂറോപ്പിലെ ബസുകളെകുറിച്ചു പഠിക്കാന്‍ കെഎസ്‍ആർടിസി എംഡി ആംസ്റ്റര്‍ഡാമിലേക്കും പറക്കുന്നതോടെ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ആരുമില്ലാത്ത സ്ഥിതിയായി.

മേയ് 10ന് ശമ്പളം നല്‍കുമെന്ന വാക്കുപാലിക്കാന്‍ സര്‍ക്കാരിനോ പണം കണ്ടെത്താന്‍ കെഎസ്‍ആർടിസിക്കോ കഴി‍ഞ്ഞില്ല. 20ന് ശമ്പളം തരുമെന്നാണു ശമ്പളം ചോദിക്കുന്നവരോട് ഇപ്പോള്‍ പറയുന്നത്. ശമ്പളം മുടങ്ങാന്‍ കാരണം ജീവനക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ 24 മണിക്കൂര്‍ പണിമുടക്കാണെന്നാണു മന്ത്രിയുടെ വ്യാഖ്യാനം.

മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് ഇടത് അനുകൂല യൂണിയനായ എഐടിയുസി തിരിച്ചടിച്ചു. ശമ്പളത്തിനായി 20 വരെ കാത്തിരിക്കില്ല. തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ യൂണിയനുകള്‍ യോഗം ചേരും. 10–ാം തീയതി എന്ന മന്ത്രിയുടെ ഉറപ്പ് അംഗീകരിച്ച സിഐടിയുവിന്റെ നിലപാടും നിര്‍ണായമാകും.

ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ ഗതാഗതമന്ത്രി തൃശൂരിലേക്കും എംഡി ആംസ്റ്റര്‍ഡാമിലേക്കും പോയതില്‍ യൂണിയനുകള്‍ കടുത്ത അമര്‍ഷത്തിലാണ്. സര്‍ക്കാര്‍ സഹായമായ 30 കോടി കെഎസ്‍ആർടിസി അക്കൗണ്ടിലെത്തിയെങ്കിലും അതുകൊണ്ടുമാത്രം ശമ്പള വിതരണം തുടങ്ങില്ല. ഇനി വായ്പ മാത്രമാണ് ആശ്രയം. കെടിഡിഎഫ്സിയില്‍നിന്നും ബാങ്കുകളില്‍നിന്നും വായ്പയെടുക്കാനാണു ശ്രമം.

English Summary: Minister Antony Raju says Government helpless in KSRTC salary crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com