പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു; രാഗവിസ്താരങ്ങളുടെ സന്തൂർ ഇതിഹാസം

pandit-shivkumar-sharma–1248
പണ്ഡിിറ്റ് ശിവ്കുമാർ ശർമ
SHARE

മുംബൈ ∙ പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധയെത്തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.

കശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ആഗോളപ്രശസ്തിയിലെത്തിച്ച കലാകാരനാണ് ശിവ്കുമാർ ശർമ. 1991 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. യുഎസിലെ സിറ്റി ഓഫ്‌ ബാള്‍ട്ടിമോറില്‍ നിന്നും ഓണററി സിറ്റിസണ്‍ഷിപ്പ്‌ (1985),കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1986), ജമ്മു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്‌, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ്‌ പുരസ്‌കാര്‍ തുടങ്ങിയ ബഹുമതികൾക്കും അർഹനായി.

സംഗീതജ്ഞനും ആകാശവാണിയിലെ സംഗീത വിഭാഗം തലവനുമായിരുന്ന ഉമാദത്ത്‌ ശര്‍മയുടേയും കേസര്‍ ദേവിയുടേയും മകനായി 1938 ജനുവരി 13 ന്‌ ജമ്മുവിലാണ് ജനനം. ഒന്നര വയസില്‍തന്നെ അച്ഛന്‍ പാടുമ്പോള്‍ കൂടെ ശ്രുതി മൂളിയിരുന്ന ശിവ്കുമാർ അഞ്ചാം വയസുമൂതല്‍ അച്ഛന്റെ ശിക്ഷണത്തില്‍ സംഗീതം പഠിച്ചുതുടങ്ങി. ‘ശിവ്‌ജി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്.

INDIA-ENTERTAINMENT-BOLLYWOOD-SAI BABA
പണ്ഡിറ്റ് ശിവ്കുമാർ ശർമ സന്തൂർ വായിക്കുന്നു.

പിതാവിന്റെ ശിക്ഷണത്തിൽ തബല അഭ്യസിച്ച ശിവ്കുമാർ പത്താം വയസുമുതൽ തബലക്കച്ചേരി അവതരിപ്പിച്ചു തുടങ്ങി. ലഹോർ റേഡിയോയിൽ ജോലി ചെയ്ത കാലത്ത് ഉമാദത്ത് ശർമ പരിചയപ്പെട്ട സന്തൂർ (ശതതന്ത്രി വീണ) എന്ന നൂറു തന്ത്രികളുള്ള ഉപകരണം മകനെ എട്ടാം വയസിൽ പഠിപ്പിച്ചു. സൂഫി സംഗീതത്തിനൊപ്പം ഉപയോഗിച്ചു വന്ന ഈ സംഗീത ഉപകരണത്തെ ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കാവുന്ന തരത്തിൽ രൂപമാറ്റം വരുത്തിയാണ് ഉമാദത്ത് ശർമ മകനെ പഠിപ്പിച്ചത്.

INDIA TSUNAMI MUSIC CONCERT
പണ്ഡിറ്റ് ശിവ്കുമാർ ശർമയും പ്രശസ്ത തബല വാദകൻ സാക്കിർ ഹുസൈനും.

മുംബൈയിൽ 1955 ൽ ഒരു സംഗീതോൽസവത്തിൽ സന്തൂർ വായിച്ചത് ശിവ്കുമാർ ശർമയുടെ ജീവിതത്തിലെ വഴിത്തിരിവായി. 1956 ൽ ‘ജനക് ജനക് പായൽ ബാജെ’ എന്ന ചിത്രത്തിൽ സന്തൂർ വായിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1960 ൽ ആദ്യ സംഗീത സോളോ ആൽബം പുറത്തിറക്കി. സന്തൂറിലൂടെ മുഴുവൻസമയ സംഗീതജ്ഞനായി മാറി സന്തൂറിന്റെ പര്യായമെന്നവണ്ണം പ്രശസ്തനായ ശിവ്കുമാർ ആ സംഗീത ഉപകരണത്തെ ജനകീയമാക്കുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്.

IND0925B
പണ്ഡിറ്റ് ശിവ്കുമാർ ശർമ ഗസൽ ഗായകൻ ഗുലാം അലിക്കൊപ്പം.

1967 -ൽ പ്രശസ്ത പുല്ലാംകുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ഗിത്താർ വാദകൻ ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ ‘താഴ്‌വരയുടെ വിളി’(കോൾ ഓഫ് ദ് വാലി) എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകി. ഇവരുടെ കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിലാണ് പ്രശസ്തമായത്. ‘സിൽസില’, ‘ഫാസ്‌ലെ’, ‘ചാന്ദ്‌നി’, ‘ലാംഹേ’, ‘ദാർ’ എന്നിങ്ങനെ ഇവർ സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ സംഗീതത്തിലും സൂപ്പർ ഹിറ്റുകളായി.

PTI9_19_2011_000151B
പണ്ഡിറ്റ് ശിവ്കുമാർ ശർമയും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും.

സിത്താർ വാദക കൂടിയായ മനോരമ ശര്‍മയാണ് ഭാര്യ. മകന്‍ രാഹുല്‍ ശര്‍മ ലോകം അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്‌. 1996 മുതല്‍ ശിവ്‌കുമാറും രാഹുലും നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ചു. നിരവധി ആല്‍ബങ്ങളും ഇവർ പുറത്തിറക്കി. രണ്ടാമത്തെ മകന്‍ രോഹിത്‌ ശര്‍മ ഫോക്‌സ്‌ ഫിലിംസില്‍ രാജ്യാന്തര റിലീസിങ് വിഭാഗം തലവനാണ്‌.

with-wife-manorama
പണ്ഡിറ്റ് ശിവ്കുമാർ ശർമ ഭാര്യ മനോരമയ്ക്കൊപ്പം. ചിത്രം – മനോരമ

English Summary: Santoor maestro Pandit Shivkumar Sharma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA