ADVERTISEMENT

മോസ്കോ∙ യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിനിടെ, റഷ്യയ്ക്ക് ആശങ്കയായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അവശതയും. പുട്ടിനെ അനാരോഗ്യം അലട്ടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. രണ്ടാംലോകയുദ്ധ സമയത്തു നാസി ജർമനിക്കുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 77–ാം വാർഷികം മോസ്കോയിലെ റെഡ്സ്ക്വയറിൽ ആഘോഷിക്കുന്ന പുട്ടിന്റെ ചിത്രങ്ങളാണു വീണ്ടും ചർ‌ച്ചകൾക്കു തിരികൊളുത്തിയത്.

‌വിജയദിനാഘോഷ പരിപാടിയിൽ കമ്പിളിപ്പുതപ്പുകൊണ്ട് കാലുകൾ മറച്ച് ഇരിക്കുന്ന പുട്ടിന്റെ ചിത്രം പങ്കിട്ടാണു സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. കടുംപച്ച നിറമുള്ള കമ്പിളി ഉപയോഗിച്ച പുട്ടിൻ ഉന്മേഷമില്ലാതെയാണ് ഇരിക്കുന്നതെന്നാണു കണ്ടെത്തൽ. രണ്ടാംലോകയുദ്ധത്തിൽ പങ്കെടുത്തവർക്കും മുതിർന്ന ഉദ്യോസ്ഥർക്കും നടുവിലിരുന്നു സൈനിക പരേഡ് വീക്ഷിക്കുന്ന പുട്ടിനാണു ദൃശ്യങ്ങളിൽ. പുട്ടിൻ കൈകൾ ചേർത്തുപിടിച്ചു മടിയിൽ വച്ചിരിക്കുന്നതും അവശതയുടെ സൂചനയാണെന്നാണു വ്യാഖ്യാനം.

കറുപ്പ് നിറത്തിലുള്ള ബോംബർ ജാക്കറ്റാണു പുട്ടിന്റെ വേഷം. മോസ്കോയിലെ അതിശൈത്യം പുട്ടിനെ പ്രയാസപ്പെടുത്തിയെന്നും, ചടങ്ങിനിടെ അദ്ദേഹം ചുമയ്ക്കുന്നുണ്ടായിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രയാസപ്പെട്ടാണു പുട്ടിൻ നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹത്തിനു പാർക്കിൻസൺസോ കാൻസറോ ബാധിച്ചിരിക്കാമെന്നും ചിലർ കരുതുന്നു. കഴിഞ്ഞ മാസം കാൻസർ ചികിത്സയുടെ ഭാഗമെന്നു കരുതുന്ന ശസ്ത്രക്രിയയ്ക്കു പുട്ടിൻ വിധേയമായതോടെയാണ് ആരോഗ്യനിലയെപ്പറ്റി ആശങ്കകൾ ഏറിയത്.

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കഷെൻകോ എന്നിവരുമായി വ്യത്യസ്ത ദിവസങ്ങളിൽ ചർച്ച നടത്തുന്ന പുട്ടിന്റെ വിഡിയോയും വലിയ ചർച്ചയായി. രണ്ടു യോഗത്തിലും കൂടുതൽ സമയവും മേശയിൽ രണ്ടു കൈകൾകൊണ്ടും മുറുകെപ്പിടിച്ചിരിക്കുന്ന റഷ്യൻ പ്രസിഡന്റിനെയാണു കാണുന്നത്. അതേസമയം, യുക്രെയ്ൻ യുദ്ധത്തിൽനിന്നു പിന്മാറുന്നതിനെപ്പറ്റിയുള്ള സൂചനകളൊന്നുമില്ല. മാതൃരാജ്യത്തിനു വേണ്ടിയും ഭാവി തലമുറയ്ക്കുവേണ്ടിയുമാണു യുദ്ധം ചെയ്യുന്നതെന്നാണ് സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേ പുട്ടിൻ പറഞ്ഞത്.

English Summary: Vladimir Putin Sparks More Health Rumours As He Covers Legs With Blanket At Parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com