ADVERTISEMENT

ന്യൂയോർക്ക്∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്. ട്രംപിനെതിരായ വിലക്ക് അധാർമികവും തികഞ്ഞ വിഡ്ഢിത്തവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പ്രസ്താവന. ഫിനാൻഷ്യൽ ടൈംസിന്റെ ‘ഫ്യൂച്ചർ ഓഫ് ദ് കാർ’ കോൺഫറൻസിൽ സംസാരിക്കുകായിരുന്നു മസ്ക്. അതേസമയം, മസ്കിന്റെ പ്രഖ്യാപനത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ട്വിറ്റർ വാങ്ങുന്നതിന് ട്രംപിന്റെ ‘പ്രോത്സാഹന’മുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ മസ്ക് തള്ളിയിരുന്നു. ‘ഇതു വ്യാജമാണ്. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും ഉണ്ടായിട്ടില്ല’ – മസ്ക് പറഞ്ഞു.

അതേസമയം, മസ്ക് ട്വിറ്റർ വാങ്ങിയാലും തന്റെ വിലക്ക് നീക്കിയാലും താൻ ഇനി ട്വിറ്ററിലേക്കില്ലെന്നാണ്  ട്രംപിന്റെ നിലപാട്. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്രൂത്ത് സോഷ്യൽ’ എന്ന സ്വന്തം സമൂഹ മാധ്യമ ആപ്പാണ് ട്രംപ് നിലവിൽ ഉപയോഗിക്കുന്നത്. തന്നെ വിലക്കിയ ട്വിറ്റർ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹമാധ്യമ കമ്പനികൾക്കു ബദലായിട്ടാണ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ ആരംഭിച്ചത്. ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പും (ടിഎംടിജി) സ്പെഷൽ അക്വിസിഷൻ കമ്പനിയും ലയിച്ചാണ് പുതിയ സമൂഹമാധ്യമം തുടങ്ങിയത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വിവേചനം കൽപിക്കാത്ത പ്ലാറ്റ്ഫോം എന്നാണ് ട്രൂത്ത് സോഷ്യലിന്റെ വിവരണം.

∙ ട്രംപിന്റെ വിലക്കിനു പിന്നിൽ

യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമത്തിനു പിന്നാലെ 2021 ജനുവരിയിലാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയത്. പാർലമെന്റിലേക്കു മാർച്ച് ചെയ്യാൻ അനുയായികളോട് ആഹ്വാനം ചെയ്തതിനായിരുന്നു നടപടി. ട്വിറ്ററിൽ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് (@realDonaldTrump) എന്നെന്നേക്കുമായി വിലക്കുകയായിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു. പിന്നാലെ ഫെയ്സ്ബുക്കും അനുബന്ധ കമ്പനികളും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

English Summary: Elon Musk says he would reverse Twitter's ban of Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com