ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം. ആവശ്യത്തിനു സ്റ്റോക്ക് എത്താതായതോടെ പലയിടത്തും ഔട്ട്ലറ്റുകൾ കാലിയായി. മദ്യത്തിനായി എത്തുന്നവരും ജീവനക്കാരും തമ്മിൽ പലയിടങ്ങളിലും വാക്കേറ്റം ഉണ്ടായി. സ്പിരിറ്റിനു (ഇഎൻഎ) വില വർധിച്ചതോടെ മദ്യക്കമ്പനികൾ ഉൽപ്പാദനം കുറച്ചതാണു പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ എക്സൈസ് മന്ത്രിയെ കണ്ട മദ്യ ഉൽപ്പാദന കമ്പനികളുടെ പ്രതിനിധികൾ മദ്യത്തിനു വില വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

സ്പിരിറ്റിനു ലീറ്ററിനു പത്തു രൂപയിലധികം വർധിച്ച സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, കൂടുതൽ സ്റ്റോക്ക് എത്തിക്കണമെന്നു നിർദേശിച്ച മന്ത്രി, മദ്യവില വർധിപ്പിക്കാൻ തയാറല്ലെന്ന് അറിയിച്ചു. മദ്യത്തിനു കേരളത്തിൽ ഇപ്പോൾ തന്നെ വില കൂടുതലായതിനാൽ ഇനിയും വില കൂട്ടാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. 

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നില്ല. സ്പിരിറ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്പനികൾ ഉൽപ്പാദനം 60 ശതമാനത്തോളം വെട്ടിക്കുറച്ചു. ഇതോടെ, വില കുറഞ്ഞ മദ്യം രണ്ടാഴ്ചയായി ആവശ്യത്തിനു കിട്ടാനില്ലാത്ത സ്ഥിതിയാണ്. 

ഇന്നലെ മിക്ക ഔട്ട്ലറ്റുകളിലും സ്റ്റോക്ക് തീർന്നു. പ്രീമിയം കൗണ്ടറിനെ ജനങ്ങൾ കൂടുതലായി ആശ്രയിച്ചതോടെ അവിടെയും ജനപ്രിയ ബ്രാൻഡുകൾ കിട്ടാതെയായി. സർക്കാർ നിർദേശം അനുസരിച്ച് മദ്യക്കമ്പനികൾ ഇന്ന് പലയിടത്തും സ്റ്റോക്ക് എത്തിച്ചു. സാധാരണ 15 ലക്ഷം കേയ്സ് മദ്യം ഉണ്ടാകാറുള്ള ബവ്കോ ഗോഡൗണുകളിൽ ഇപ്പോഴുള്ളത് 7 ലക്ഷം കേയ്സ് മദ്യത്തിൽ താഴെയാണ്. ഇതിൽ പകുതിയിലേറെ വിലകൂടിയ മദ്യ ഇനങ്ങളാണ്.

സ്പിരിറ്റിനു വില കൂടിയതു മാത്രമല്ല പ്രതിസന്ധിക്കു കാരണമെന്നു ജീവനക്കാരുടെ സംഘടനകൾ പറയുന്നു. മാനേജ്മെന്റിന്റെ തെറ്റായ നടപടികളാണു പ്രതിസന്ധിക്കിടയാക്കിയതെന്ന് അവർ ആരോപിക്കുന്നു. കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം വേഗത്തിൽ വിൽക്കുമെന്ന പ്രഖ്യാപനവും, എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി നൽകണമെന്ന നിർദേശവും കമ്പനികളുടെ എതിർപ്പിനിടയാക്കി. കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അവർ പറയുന്നു. എന്നാൽ, കോർപറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിനാണു നടപടികൾ സ്വീകരിക്കുന്നതെന്ന് ബവ്കോ അധിക‍ൃതർ വിശദീകരിക്കുന്നു.

English Summary : Lack of low cost liquor in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com