ADVERTISEMENT

വാഷിങ്‍ടൻ∙ യുഎസിനെ ആക്രമിക്കാൻ മനുഷ്യ നിർമിത കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ ചൈനയ്ക്കു കഴിയുമോയെന്നു മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളോടു ചോദിച്ചിരുന്നതായി സഹായികളുടെ വെളിപ്പെടുത്തൽ. റോളിങ് സ്റ്റോൺ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന യുഎസിൽ വൻ നാശം വിതയ്ക്കുമെന്നു ട്രംപ് ഭയപ്പെട്ടിരുന്നതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിങ് സ്റ്റോൺ റിപ്പോർട്ട് ചെയ്തു.

ആണവായുധങ്ങൾ ഉപയോഗിച്ചു വലിയ കൊടുങ്കാറ്റുകളെ തകർക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം തന്നോട് ഇടയ്ക്കിടെ ചോദിച്ചിരുന്നതായി സഹായികളിൽ ഒരാൾ പറഞ്ഞു. ട്രംപിന്റെ ചോദ്യത്തിനു പിന്നാലെ ‘ഹരികെയ്ൻ ഗൺ’ എന്ന പ്രയോഗം തന്നെ തങ്ങൾക്കിടയിൽ ഉണ്ടായി. അദ്ദേഹം തമാശ പറയുകയാണോ അതോ പരിഹസിക്കുകയാണോ എന്ന് ഒരു നിമിഷം ശങ്കിച്ചിരുന്നു. ഇത്തരത്തിൽ ചൈന ആക്രമിച്ചാൽ ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ആരാഞ്ഞു. ബാലിശമെന്നു കരുതുന്ന പല കാര്യങ്ങളും ട്രംപ് പങ്കുവച്ചിരുന്നതായി സഹായികൾ പറയുന്നു.

2019 ൽ യുഎസിൽ വൻ നാശം വിതച്ച ഡോറിയാൻ ചുഴലിക്കാറ്റിനെ ആണവായുധങ്ങൾ ഉപയോഗിച്ച് തീവ്രത കുറയ്ക്കാൻ സഹായികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആണവായുധങ്ങൾക്ക് കൊടുങ്കാറ്റിനെ പിടിച്ചു കെട്ടാൻ കഴിയുമെന്നു ട്രംപ് വിശ്വസിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മെക്‌സിക്കോയിൽ മിസൈൽ ആക്രമണം നടത്താനും ആക്രമണത്തിന്റെ ഉത്തരവാദിത്തം മറ്റൊരു രാജ്യത്തിനുമേൽ ചുമത്താനും ട്രംപ് ആഗ്രഹിച്ചിരുന്നതായി യുഎസ് മുൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പറിന്റെ പുസ്‌തകത്തിലെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

റോളിങ് സ്റ്റോണിന്റെ റിപ്പോർട്ടിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ചർച്ച സജീവമായി. ട്രംപിന്റെ സഹായികൾ വലിയൊരു അവസരമാണ് നഷ്ടമാക്കിയതെന്നു ഹാസ്യ കലാകാരൻ നോയൽ കാസ്‍ലർ അഭിപ്രായപ്പെട്ടു. ചൈന ‘ഹരികെയ്ൻ ഗൺ’ ഉപയോഗിക്കുന്നതു സത്യമാണെന്നും ബാറ്റ്മാനെ അറിയിക്കട്ടെ എന്നും മറുപടി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം ട്വീറ്ററിൽ പരിഹസിച്ചു. ട്രംപ് സമാനമായ ഒത്തിരി പ്രസ്താവനകൾ നടത്തിയ ചരിത്രമുള്ളതിനാൽ അദ്ഭുതപ്പെടുന്നില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

English Summary: Trump inquired if China could make hurricanes to harm US, ex-officials say
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com