ADVERTISEMENT

കാസർകോട്∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് കൺവെൻഷനിലേക്കു ക്ഷണിച്ചില്ലെന്ന മുതിർന്ന നേതാവ് കെ.വി. തോമസിന്റെ പരാതിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണം നടക്കുന്നില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ.വി.തോമസിനെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

യുഡിഎഫ് കൺവെൻഷനിലേക്ക് തന്നെ വിളിച്ചില്ലെന്നു പറഞ്ഞ കെ.വി. തോമസ്, കോൺഗ്രസ് നേതൃത്വം ഒരു കാര്യവും തന്നോടു പറയുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കെ.വി. തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. തോമസിന്റെ നീക്കങ്ങളെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കൾ.

പൊതുവേദിയിൽ അവാർഡ് വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ സമസ്ത നേതാവ് സംസാരിച്ച സംഭവത്തോട് കോൺഗ്രസിനു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് വി.ഡി.സതീശൻ പറഞ്ഞു. സംസ്ഥാനത്ത്‌ പൂർണമായ ഭരണസ്തംഭനം. ബില്ലുകൾ പോലും പാസാകാത്ത അവസ്ഥയാണ്. 25 ലക്ഷം രൂപയിൽ കൂടുതലുള്ള ഒരു ചെക്കും പാസാക്കാനാകാതെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഈ വർഷം ശമ്പളം കൊടുക്കാൻ പോലും പറ്റുമോയെന്നു ഭയപ്പെടുന്ന ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.  

കെഎസ്ആർടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണാതെ സർക്കാർ ജീവനക്കാരെ വെല്ലുവിളിക്കുകയാണ്. കെഎസ്ആർടിസി സ്വകാര്യ സ്ഥാപനമല്ല, പൊതുമേഖലാ സ്ഥാപനമാണെന്ന് സർക്കാർ ഓർക്കണം. അപകടകരമായ രീതിയിലേക്ക് കെഎസ്ആർടിസി പോകുകയാണ്. ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സർവീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സർവീസുകളാണ്. അതാണ് കെഎസ്ആർടിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. 

ഇടതുപക്ഷമെന്നു പറയുന്നവർ കോൺട്രാക്ട്  തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ തകർത്ത് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സർക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നതെന്നും സതീശൻ ചോദിച്ചു. രണ്ടു ലക്ഷം കോടിയുടെ കമ്മിഷൻ റെയിൽ കൊണ്ടുവരുന്നവർ 2000 കോടി രൂപ കൊടുത്ത് കെഎസ്‌ആർടിസിയെ രക്ഷിക്കാൻ ശ്രമിക്കാതെ അത് നശിച്ചു പോട്ടെയെന്ന നിലപാടിലാണ്. ബസുകൾ സ്‌ക്രാപ് അടിസ്ഥാനത്തിൽ തൂക്കി വിൽക്കാൻ പോവുകയാണെന്നാണ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇതാണോ 6 വർഷക്കാലത്തെ സർക്കാരിന്റെ ബാക്കിപത്രമെന്നു സതീശൻ ചോദിച്ചു. 

മദ്യനയം തൃക്കാക്കര തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന കെസിബിസിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ ഇട്ട ഫെയ്‌സ്ബുക്  പോസ്റ്റുകളൊക്കെ ഇപ്പോഴും നിലവിലുണ്ടെന്നും സതീശൻ പറഞ്ഞു. പിണറായി അധികാരത്തിൽ എത്തിയ ശേഷം മദ്യം മാത്രമല്ല, ലഹരി മരുന്ന് മാഫിയകൾക്കും പാർട്ടിയുടെ പ്രാദേശിക നേതൃത്വങ്ങൾ പിന്തുണ കൊടുക്കുകയാണ്. അക്രമങ്ങളും ക്രൂരമായ കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും ഉണ്ടാകുന്നത് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നാണ്. ഈ മാഫിയകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. ഭരണം പാർട്ടിക്ക് കൈമാറിയതിന്റെ ദുരന്തഫലമാണ് കേരളം അനുഭവിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

English Summary: VD Satheesan mocks KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com