ന്യൂഡല്‍ഹി∙ 'അനുസരണ' ഇല്ലാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് മേധാവിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. ജോലിയില്‍ താല്‍പര്യം കാട്ടുന്നില്ല, ഉത്തരവുകള്‍ അനുസരിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപി മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് വകുപ്പിലെ അപ്രധാന ചുമതലയിലേക്കു മാറ്റിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എഡിജിപി പ്രശാന്ത് കുമാറിനാണു പകരം ചുമതല നല്‍കിയിരിക്കുന്നത്.
മുകുള്‍ ഗോയലിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനില വിലയിരുത്താനായി കഴിഞ്ഞ മാസം യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത സുപ്രധാന യോഗത്തില്‍ ഡിജിപി പങ്കെടുത്തിരുന്നില്ല.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മുകുള്‍ ഗോയല്‍ 2021 ജൂലൈയിലാണ് യുപി പൊലീസ് മേധാവിയായി ചുമതലയേറ്റത്. വിവിധ ജില്ലകളില്‍ എസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഗോയല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലും ദേശീയ ദുരന്തനിവാരണ സേനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
English Summary: UP Top Cop Removed For "Disobeying Orders," Says State Government