ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹ വാഗ്ദാനം നൽകി രാജ്യത്തെമ്പാടുമായി നൂറിലേറെ സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ ഫർഹാൻ തസീർ ഖാൻ (35) ആണ് സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിൽ പിടിയിലായത്. ഡൽഹി എയിംസിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റെന്നു പൊലീസ് അറിയിച്ചു.

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട ഫർഹാൻ താൻ അവിവാഹിതനും അനാഥനുമാണെന്നാണു ഡോക്ടറെ വിശ്വസിപ്പിച്ചത്. എൻജിനീയറിങ്ങും എംബിഎയും വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബിസിനസ് ചെയ്യുകയാണെന്നും പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറിൽനിന്നു ഫർഹാൻ വാങ്ങിയെന്നാണ് ആരോപണം. ഡോക്ടറുടെ പരാതി അന്വേഷിക്കവേയാണു തട്ടിപ്പു വെളിച്ചത്തായത്.

മാട്രിമോണിയൽ സൈറ്റിൽ ഫർഹാൻ നിരവധി ഐഡികൾ തയാറാക്കി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, മുംബൈ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായും ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായി വെളിപ്പെട്ടെന്നു ഡപ്യൂട്ടി കമ്മിഷണർ ബെനിത മേരി ജയ്ക്കർ പറഞ്ഞു. കൊൽക്കത്തയിലായിരുന്ന ഇയാളെ പിന്തുടർന്ന പൊലീസിനു ഡൽഹിയിലെ ഹോട്ടലിൽവച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷൻ നമ്പരുള്ള ആഡംബര കാർ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാൾ സ്ത്രീകളെ വശീകരിക്കുക.

wedding

തന്റെ സ്വന്തമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചിരുന്നതു ബന്ധുവിന്റെ കാറായിരുന്നു. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു യാത്ര ചെയ്യുന്ന ഫർഹാൻ, വിഡിയോ കോൾ ചെയ്ത്, ആഡംബര ചുറ്റുപാടുകൾ കാണിച്ചു താൻ പണക്കാരനാണെന്നു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. പ്രതിവർഷം 30–40 ലക്ഷം രൂപ സമ്പാദ്യമുണ്ടെന്നാണു പറഞ്ഞിരുന്നത്. യഥാർഥത്തിൽ, വിവാഹിതനായ ഇയാൾക്കു മൂന്നു വയസ്സുള്ള മകളുണ്ട്. പിതാവും സഹോദരിയുമുണ്ട്. എന്നാൽ, മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ചെന്നാണ് ഇയാളുടെ പതിവുവാചകം. മൊബൈൽ ഫോൺ, 4 സിം കാർഡ്, കാർ, 9 എടിഎം കാർഡ്, വാച്ച് എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു.

English Summary: Man arrested for cheating over 100 women on pretext of marriage in New Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com