ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങളും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായത്. 2020-21 സാമ്പത്തിക വര്‍ഷം മുതലുള്ള കടമെടുപ്പിന് ഇതു ബാധകമാകും. കടമെടുക്കാനുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര തീരുമാനം നീളുന്നത് ഇതിനാലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര തീരുമാനം വലിയ തിരിച്ചടിയാണ്. കേരളത്തിനു കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാത്തതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ശമ്പളവിതരണവും മുടങ്ങുമെന്ന സ്ഥിതിയാണ്. 11 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനത്തിലേക്കെത്തിയത്. 

കിഫ്ബിയിലൂടെ എടുക്കുന്ന വായ്പകള്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കാന്‍ സംസ്ഥാനം കൂട്ടാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബിയെന്ന സംവിധാനത്തിനു സര്‍ക്കാര്‍ രൂപം നല്‍കിയത്. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 3.5% കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദമുള്ളത്. അത് 32,425 കോടി രൂപ വരും. ഇതിനു പുറമേയാണ് കിഫ്ബി വഴി പണം സ്വരൂപിക്കുന്നത്. പെട്രോളില്‍നിന്നുള്ള സെസും മോട്ടര്‍ വാഹന നികുതിയുമാണ് തിരിച്ചടവിനുള്ള മാര്‍ഗം. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍നിന്നും കടമെടുത്തിട്ടുണ്ട്. ബജറ്റിനു പുറത്ത് കടമെടുക്കുന്നത് വര്‍ധിച്ചതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. പരിശോധനകള്‍ക്കുശേഷം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ കണക്കുകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കേന്ദ്ര നിര്‍ദേശം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സിഎജി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ മുഖേന ബജറ്റിനു പുറമേ എടുത്ത കടമെടുക്കലുകളുടെ വിവരങ്ങള്‍ ബജറ്റിലും അക്കൗണ്ടുകളിലും ഉള്‍പ്പെടുത്തണമെന്നായിരുന്നു സിഎജി നിര്‍ദേശം. സര്‍ക്കാരിന്റെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവെങ്കിലും അത് സാമ്പത്തിക രേഖകളില്‍ കാണിക്കുന്നില്ലെന്നും ഓഡിറ്റില്‍ സിഎജി വ്യക്തമാക്കി. കിഫ്ബിയുടെ വായ്പകള്‍ ബജറ്റിനു പുറത്തുള്ള വായ്പയല്ലെന്നും ആകസ്മിക വായ്പകളാണെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി. കിഫ്ബി രേഖകള്‍ നിയമസഭയില്‍ വച്ചിട്ടുണ്ടെന്നും വായ്പകള്‍ക്കു മന്ത്രിസഭയുടെ അംഗീകാരമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

കിഫ്ബിക്കു സ്വന്തമായി വരുമാനമില്ലാത്തതിനാലും കടബാധ്യത സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകളില്‍നിന്നും എടുക്കേണ്ടതിനാലും സര്‍ക്കാര്‍ മറുപടി സാധൂകരിക്കാവുന്നതല്ല എന്നായിരുന്നു സിഎജിയുടെ മറുപടി. എല്ലാ വായ്പകളും ചെലവുകളും നിയമവിധേയമായി ബജറ്റുകളില്‍ ഉള്‍പ്പെടുത്തണമെന്നും, സര്‍ക്കാര്‍ മൂലധന ചെലവുകള്‍ക്കായി കിഫ്ബി പോലുള്ള ബജറ്റ് ഇതര മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിച്ചാല്‍ സംസ്ഥാനത്തിന്റെ ബാധ്യത വര്‍ധിച്ച് കടക്കെണിയിലാകുമെന്നും സിഎജി മുന്നറിയിപ്പു നല്‍കി. സിഎജി ഉന്നയിച്ച വാദങ്ങള്‍ കേന്ദ്രവും ഉയര്‍ത്തി.

കേന്ദ്ര ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിനു വായ്പാ പരിധി നിശ്ചയിച്ചു നല്‍കുന്നത്. സംസ്ഥാനം ഇതിലധികം വായ്പ എടുക്കുകയാണെങ്കില്‍ ആ തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍ കുറയ്ക്കും.  വായ്പാ പരിധി പൂര്‍ണമായി ഉപയോഗിച്ചില്ലെങ്കില്‍ വായ്പയെടുക്കാത്ത തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍ ചേര്‍ത്ത് വായ്പയെടുക്കാം. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ വായ്പാ പരിധി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനത്തില്‍നിന്ന് 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ 3.5 ശതമാനം നിബന്ധനകളില്ലാത്ത വായ്പയായിരുന്നു. ഊര്‍ജ മേഖലയില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങള്‍ക്കു വിധേയമായി 0.50 ശതമാനം അധിക വായ്പയും  2024-25വരെ സംസ്ഥാനത്തിനു ലഭിക്കും.

പൊതു വിപണിയില്‍നിന്നാണ് സംസ്ഥാനം വായ്പയെടുക്കുന്നത്. വിവിധ ഘടകങ്ങള്‍ വിലയിരുത്തി ധനവകുപ്പാണ് വായ്പകളുടെ കാലാവധി തീരുമാനിക്കുന്നത്. പലിശ വിപണിയിലെ സാഹചര്യം അനുസരിച്ചാണ് അതു നിശ്ചയിക്കപ്പെടുക. ദേശീയ സമൂഹിക സുരക്ഷാ ഫണ്ടില്‍നിന്നുള്ള വായ്പയ്ക്ക് കേന്ദ്രസര്‍ക്കാരാണ് പലിശ നിശ്ചയിക്കുന്നത്. ഇതിനു പുറമേ റിസര്‍വ് ബാങ്കില്‍നിന്ന് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സുകളും സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. ഇത്തരം മുന്‍കൂര്‍ ഇടപാടുകള്‍ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കു വിധേയമായിരിക്കും. നബാര്‍ഡില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ പൊതു വിപണി നിരക്കുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിന് അനുസരിച്ച് വ്യത്യാസപ്പെടും.

കടം വാങ്ങി ദൈനംദിന ചെലവുകള്‍ നടത്തുകയും റവന്യൂ വരുമാന മാര്‍ഗങ്ങള്‍ കുറയുകയും ചെയ്തതോടെ സംസ്ഥാനം വലിയ കടക്കെണിയിലേക്കാണ് എത്തിയത്. ബജറ്റിനു പുറത്തുള്ള വായ്പയടക്കം സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. സര്‍ക്കാര്‍ കടം വാങ്ങുന്നതു കൂടിയാല്‍ പലിശ കൂടി കടം വീണ്ടും വര്‍ധിക്കുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ തിരിച്ചടയ്ക്കല്‍തന്നെ കടത്തിനു കാരണമാകും. ഭാവിതലമുറയ്ക്ക് കടം ഒരു ഭാരമായിത്തീരും. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ ധനകമ്മികള്‍ കുറയ്ക്കണമെന്നും സിഎജി നിര്‍ദേശിച്ചു. എന്നാല്‍, വലിയ മാറ്റങ്ങള്‍ പ്രകടമല്ല.

ഒരു മാസമായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ട്. കടമെടുപ്പിനു നിയന്ത്രണം വന്നാല്‍ അടുത്ത മാസത്തെ ശമ്പള വിതരണവും ദൈനംദിന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകും. കേന്ദ്രം കടമെടുപ്പിന് അനുവാദം നല്‍കുമെന്നും അങ്ങനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നുമാണ് സംസ്ഥാനത്തിന്റെ വിശ്വാസം. എന്നാല്‍, നികുതി വരുമാനം വര്‍ധിപ്പിക്കാതെ, ചെലവുകള്‍ ചുരുക്കാതെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

കെ-റെയില്‍ പോലെ സംസ്ഥാനത്തിനു ബാധ്യതയാകുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഉള്ള ബാധ്യത കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറഞ്ഞു. ''നികുതി, നികുതിയിതര വരുമാനം വര്‍ധിപ്പിക്കണം. അനാവശ്യ ചെലവുകള്‍ കുറയ്ക്കണം. 1957-67 കാലഘട്ടത്തില്‍ റവന്യൂവരുമാനത്തിന്റെ 32 ശതമാനം നികുതിയിതര വരുമാനത്തില്‍ നിന്നായിരുന്നു. ഇപ്പോഴത് പത്തു ശതമാനത്തില്‍ താഴെയാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്തു ശതമാനത്തില്‍ താഴെയാണ് നികുതി വരുമാനം. ദേശീയ ശരാശരി 10-12 ശതമാനമാണ്. വിദേശരാജ്യങ്ങളില്‍ അത് 25-40 ശതമാനമാണ്. ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണ്. എന്നാല്‍ പരോക്ഷ നികുതി പിരിക്കുന്നതില്‍ ഏഴാം സ്ഥാനത്താണ്. ഇതിനര്‍ഥം നികുതി യഥാസമയം പിരിക്കുന്നില്ല, നികുതി വെട്ടിപ്പ് നടക്കുന്നു എന്നാണ്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ചാലേ കേരളത്തിനു പ്രതിസന്ധി മറികടക്കാനാകൂ''-മേരി ജോര്‍ജ് പറഞ്ഞു.

English Summary: Kerala faces financial crisis as Centre nixes borrowing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com