ADVERTISEMENT

തിരുവനന്തപുരം∙ തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴുവയസുകാരന്റെ പിതാവിന്റെ മരണവും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2018 മെയ് 23ന് ആണ് ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യവീട്ടിൽ മരിച്ചത്. ഹൃദയാഘാതം ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബിജുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്തു ഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്.

ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഭാര്യയുടെ അമ്മയുടെ നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. ബിജുവിന്റെ മരണശേഷം കാമുകനായ അരുൺ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയാണ് 2019 ഏപ്രിലിൽ കാമുകന്റെ ക്രൂരമായ മർദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് ഇന്നലെ മുട്ടം പോക്സോ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുൺ ആനന്ദ്.

പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേർന്നു കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ കുടുംബം ആരോപിക്കുന്നത്. ബിജു മരിച്ചു മൂന്നാം നാൾ യുവതി അരുൺ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബിജുവിന്റെ കുടുംബം എതിർത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്. കുട്ടികൾ തുടർച്ചയായി പീഡനത്തിനിരയായതും സംശയം വർധിപ്പിച്ചു. ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ബിജുവിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നത് കുടുംബത്തിന് സംശയം ഉണ്ടാക്കി. യുവതി അരുണിനൊപ്പം താമസം ആരംഭിച്ചതിനുശേഷമാണ് ബിജുവിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

കട്ടിലിൽനിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് 2019 മാർച്ച് 28ന് ഏഴുവയസുകാരനെ യുവതിയും അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഉറക്കത്തിൽ കട്ടിലിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ അമ്മയുടെ സുഹൃത്തായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ക്രൂരമായി മർദിച്ചതെന്നു പിന്നീട് വ്യക്തമായി. കുട്ടിയുടെ കാലിൽ പിടിച്ചു ഭിത്തിയിലേക്കു അടിക്കുകയായിരുന്നു. കുമാരമംഗലത്തെ വാടക വീട്ടിൽവച്ചായിരുന്നു അക്രമം. ഏഴുവയസുകാരന്റെ സഹോദരനെയും അരുൺ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേതുടർന്നാണ് ഇയാൾക്കെതിരെ പോക്സോ ചുമത്തിയത്. 

ഏഴു വയസുകാരൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുമ്പോഴാണ് ഇളയകുട്ടി ലൈംഗിക അതിക്രമത്തിനു വിധേയമായത്. കുട്ടി കൊല്ലപ്പെട്ട കേസിൽ അമ്മയെയും അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. കേസിൽ ഉടുമ്പന്നൂർ സ്വദേശിയായ യുവതി രണ്ടാം പ്രതിയായിരുന്നു. കുറ്റകൃത്യം മറച്ചുവച്ചു, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. കുട്ടി കൊല്ലപ്പെട്ട കേസിൽ 2019 ജൂണിലും ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂലൈയിലും കുറ്റപത്രം സമർപിച്ചു. കുട്ടി കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ ആരംഭിക്കും.

English Summary: Thodupuzha murder case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com