ADVERTISEMENT

തിരുവനന്തപുരം∙ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവജാഗ്രത പുലർത്തണമെന്നു ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് ഡിജിപി അനിൽകാന്തിന്റെ നിർദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും തീരുമാനിച്ചു. മുന്നൊരുക്കങ്ങളുടെ ചുമതല 2 എഡി‍ജിപിമാർക്കു നൽകി.

പൊലീസ് വിന്യാ‍സത്തിന്റെ ചുമതലയുള്ള നോഡൽ ഓ‍ഫിസറായി സായുധ ‍പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ.പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓ‍ഫിസറായി ക്രമസമാധാന‍വിഭാഗം എഡിജിപി വിജയ് സാക്കറെയെ‍യുമാണു നിയോഗിച്ചത്. ജീവൻ രക്ഷ–ദുരന്ത നിവാരണ ഉപകരണങ്ങൾ സജ്ജമാക്കണമെന്നും തീരപ്രദേശത്തും ഉരുൾപൊട്ടൽ മേഖലയിലും പ്ര‍ത്യേക ശ്രദ്ധ വേണമെന്നും ഡിജിപി നിർദേശിച്ചു.

തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ ‍പൊലീസ് സ്റ്റേഷനുക‍ളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താ വിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്പി നടപടിയെടുക്കും.

അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും, മഴ മുന്നറിയിപ്പ് ഒഴിവാക്കുന്നതു വരെ ഇതു തുടരണമെന്നും സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗത്തിലാ‍ണു തീരുമാനം.

മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. ത‍ദേശ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോ‍ടെയാണു പ്രവർത്തനം. നദികളിലെ ചെളിയും എക്കലും നീക്കുന്ന‍തിന്റെ ഉൾപ്പെടെയുള്ള പുരോഗ‍തി യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറ‍പ്പു വരുത്താൻ നിർദേശിച്ചു.

നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർ‍പറേഷനിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കുമെന്നു എറണാകുളം കലക്ടർ അറിയിച്ചു. 8 ജില്ലകളിലെ കലക്ടർമാർ യോഗത്തിൽ പങ്കെടുത്തു.

∙ വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും ശ്രദ്ധയ്ക്ക്

വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കി, പരമാവധി താമസ സ്ഥലത്തു തുടരണം. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളി‍ല്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ അനുവദിക്കില്ല. ശബരിമലയിലേക്കുള്ള തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. മാസപൂജയ്ക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ദർശനത്തിന് എത്തണം.
രാത്രി യാത്രകളും ജലശ‍യങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളി‍ലേക്കു മാറാൻ തയാറാകണം.

∙ 1077ൽ വിളിക്കണം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ, ഇതു ശ്രദ്ധയിൽപ്പെട്ടാ‍ലുടൻ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം. അതിരാവിലെ ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നി‍ല്ലെന്ന് ഉറപ്പാക്കണം.

English Summary : Heavy rain alert:  DGP Anilkanth give instructions to all district police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com