ഒരു കൃത്യത്തിനു പദ്ധതിയിട്ടാൽ മാസങ്ങൾ നീണ്ട ഗവേഷണം, കൃത്യമായ ആസൂത്രണം, അറുത്തിട്ടാലും ഒപ്പം നിൽക്കുന്ന ഒരു സംഘം യുവാക്കൾ, ഒപ്പം സഹായത്തിന് ഒരു പൊലീസുകാരന്റെ ബുദ്ധിയും– നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷറഫിന്റെ കുറ്റകൃത്യങ്ങൾ ഇത്രനാളും പുറംലോകം അറിയാതിരുന്നതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നെന്നു പൊലീസ് പറയുന്നു. അളമുട്ടിയപ്പോൾ മാത്രമാണ് സഹായിയും കുറ്റകൃത്യങ്ങളിൽ പങ്കാളിയുമായ വയനാട് സ്വദേശി നൗഷാദ് സെക്രട്ടേറിയറ്റിനു മുന്നിലെത്തി എല്ലാം വിളിച്ചു പറഞ്ഞത്. നൗഷാദ് കൈമാറിയ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണത്തിനിറങ്ങിയ പൊലീസിനു തെളിഞ്ഞു കിട്ടിയതാകട്ടെ കുറ്റകൃത്യങ്ങളുടെ നീണ്ട നിര. ഇതിനു വഴി തുറന്നതോ, ഷൈബിൻ തന്നെ നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയും. മൈസൂർ സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബാ ഷരീഫിനെ ബന്ദിയാക്കി മർദിക്കുന്നതിന്റേത് ഉൾപ്പെടെ വിഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതോടെ പൊലീസിന് അന്വേഷണം എളുപ്പമായി. അതേസമയം കുറ്റകൃത്യം നടന്ന വീട്ടിലെ തെളിവുകളെല്ലാം പ്രതി നശിപ്പിച്ചത് അന്വേഷണ സംഘത്തിനു കടുത്ത വെല്ലുവിളിയുമാണ്. വീടു പരിശോധിച്ച പൊലീസിന് എയർ കണ്ടിഷൻ ഘടിപ്പിച്ചതിന്റെയും മറ്റും തെളിവുകൾ ലഭിച്ചു. ചോരപ്പാടുകളും ലഭിച്ചെങ്കിലും മിക്ക തെളിവുകളും വിദഗ്ധമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും പ്രതികളിൽ ഒരാളായ നൗഷാദിൽനിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലവും മറ്റും പൊലീസ് ഉറപ്പു വരുത്തിയിട്ടുണ്ട്. മൂന്നു ദിവസം മലപ്പുറം എസ്പി എസ്. സുജിത് ദാസ് നിലമ്പൂരിൽ ക്യാംപ് ചെയ്താണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. ഐപിഎസ് പരിശീലനകാലത്ത് ഒരിക്കലും ഇത്രയധികം കുരുക്കുകളും വഴിത്തിരിവുകളും നിറഞ്ഞ കേസ് വായിച്ചിട്ടു പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ഷൈബിന്റെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതിലൂടെ...
HIGHLIGHTS
- ഷാബാ കൊലക്കേസ് പ്രതി ഷൈബിന്റെ ഞെട്ടിക്കുന്ന ക്രൂരതകളുടെ കഥ
- പൊലീസ് ചോദ്യം ചെയ്യുമ്പോഴും കൂസലില്ലാതെ ഷൈബിൻ; എന്താണു കാരണം?