ADVERTISEMENT

സീതത്തോട്∙ ‘ജാക്കിയും റോക്കിയും’ ഞങ്ങൾക്കു നഷ്ടമായി. ഇനി  ആകെയുള്ളത് ഈ ‘കറുമ്പി’ മാത്രം. ഇവളെ  പുലിയ്ക്കു വിട്ടു കൊടുക്കാൻ ഞങ്ങൾ തയാറല്ല. പുലി ഇവിടെ തന്നെയുണ്ട്. വീണ്ടും പുലി വരാനാണ് സാധ്യത. പുലിയുടെ വായിൽനിന്ന് തലനാരിഴയ്ക്കാണ് കഴിഞ്ഞ രാത്രി ഇവൾ രക്ഷപ്പെട്ടത്. ഇവളെ തനിച്ചാക്കി എങ്ങും പോകാൻ തോന്നുന്നില്ല. അതു കൊണ്ടാണ് എത്ര ബുദ്ധിമുട്ടാണെങ്കിലും യാത്രയിൽ കറുമ്പിയേയും കൂട്ടുന്നത്. 

കൊച്ചുകോയിക്കൽ കമ്പിലൈൻ കൈച്ചിറയിൽ ജോസിന്റെ ഭാര്യ എൽസിയുടെ വാക്കുകൾ കേട്ടാൽ  ആരുടേയും കണ്ണു നിറയും. വീട്ടിലെ അംഗങ്ങളെ പോലെ വളർത്തി വലുതാക്കിയ വളർത്തു നായ്ക്കളോടുള്ള കരുതലിനുപരി സ്വന്തം കൂടപ്പിറപ്പ് നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് ഈ വീട്ടമ്മയുടെ വാക്കുകളിൽ. കർഷക കുടുംബമാണ് ജോസിന്റേത്. സീതത്തോട് പഞ്ചായത്തിൽ 6–ാം വാർഡിൽ അളിയൻമുക്ക് കമ്പിലൈൻ വാർഡിലാണ് താമസം. കഴിഞ്ഞ നാലു മാസമായി പുലി ഭീഷണിയിലാണ് ഈ ഗ്രാമം.

കുറുമ്പിയ്ക്കൊപ്പം ജോസ്
കുറുമ്പിയ്ക്കൊപ്പം ജോസ്

വീട്ടിൽ വളർത്തിയിരുന്ന നായയായ ‘ജാക്കി’യെ കഴിഞ്ഞ ഫെബ്രുവരി 4 മുതൽ കാണാനില്ല. 3 ആഴ്ച മുൻപ് മറ്റൊരു നായ റോക്കിയും അപ്രത്യക്ഷമായി. നായ്ക്കളുടെ അവശിഷ്ടങ്ങൾ സമീപ വനത്തിനോടു ചേർന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നായ്ക്കളെ പുലി പിടിച്ചതാണെന്ന് ഉറപ്പിച്ചത്.

ബുധനാഴ്ച രാത്രി 11 മണിയോടെ പുലി വീണ്ടും വന്നു. കറുമ്പി വീടിനു പുറത്തായിരുന്നു. പുലിയുടെ വരവറിഞ്ഞ്  കറുമ്പി കുരയ്ക്കുന്നതു കേട്ടാണ് ജോസും കുടുംബവും ഉണർന്നത്. ഇതിനിടെ കറുമ്പിയെ പിടിക്കാൻ പുലി വീടിനു ചുറ്റും ഓടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. പിന്നിലെ കതക് തുറന്നപ്പോഴേക്കും കറുമ്പി ചാടി വീടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.

നായ കുരയ്ക്കുന്ന ശബ്ദം കേട്ട് അയൽവാസിയായ ചരിവുകാലായിൽ തോമസ് ലൈറ്റ് തെളിച്ചു നോക്കുമ്പോൾ  വീടിനോടു ചേർന്ന് നിൽക്കുന്ന മരത്തിലൂടെ പുലി താഴേക്ക് ഇറങ്ങുന്നത് കണ്ടു. ശനിയാഴ്ച കുടുംബാംഗങ്ങൾക്കു ദൂരെയുള്ള ബന്ധുവീട്ടിൽ വരെ പോകണമായിരുന്നു. ഈ സംഭവങ്ങൾക്കു ശേഷം കറുമ്പിയെ വീട്ടിൽ തനിയെ നിർത്താൻ  ഭയമായി. തുടർന്നാണ് യാത്രയിൽ ഒപ്പം കൂട്ടിയതെന്ന് എൽസി പറയുന്നു.

English Summary : Tiger Menace leaves people in Seethathodu Kambiline in fear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com