കൊടുംചൂടില്‍ ഉത്തരേന്ത്യന്‍ ഗോതമ്പു പാടങ്ങള്‍ക്കു ‘തീ പിടിച്ചപ്പോള്‍’ ലോകത്തിൽ ഗോതമ്പ് ഉത്പാദനത്തിൽ രണ്ടാമതുള്ള ഇന്ത്യ നേരിടുന്നത് ചരിത്രത്തിലെതന്നെ അപൂര്‍വമായ ഗോതമ്പ് ക്ഷാമം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ മിക്കവയും ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യവിളകളുടെ ലഭ്യതക്കുറവില്‍ നട്ടം തിരിയുന്നതിനിടെയാണ് ഇന്ത്യയും ഗോതമ്പ് കയറ്റുമതി നിരോധിച്ചിരിക്കുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ കയറ്റുമതി അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയിലും യുക്രെയ്‌നിലുംനിന്നുള്ള കയറ്റുമതി ഏതാണ്ട് നിലച്ചതോടെ ഭക്ഷ്യപ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഗോതമ്പ് ഉല്‍പാദക രാജ്യങ്ങള്‍ നീക്കം തുടങ്ങിയിരുന്നു. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണു ഭക്ഷ്യക്ഷാമം രൂക്ഷമായത്. ലോകത്തെ ആകെ ഗോതമ്പു കയറ്റുമതിയില്‍ 25 ശതമാനവും റഷ്യയിലും യുക്രെയ്‌നിലുംനിന്നായിരുന്നു. ഗോതമ്പിനായി യുക്രെയ്നെയും റഷ്യയെയും ആശ്രയിക്കുന്ന രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. ഈ വിടവ് നികത്താനുള്ള ശ്രമമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് കൂടുതലായി റഷ്യയെയും യുക്രെയ്‌നെയും ആശ്രയിക്കുന്നത്.

യുക്രെയ്‌നില്‍നിന്നും റഷ്യയില്‍നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്ന ഈജിപ്ത്, അടുത്തിടെ 10 ലക്ഷം ടണ്‍ ഗോതമ്പ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ തയാറായി. തുര്‍ക്കിയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ ഗോതമ്പ് വാങ്ങാന്‍ മുന്നോട്ടു വന്നതോടെ ഗോതമ്പിന്റെ ആഭ്യന്തര ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈജിപ്ത്, തുര്‍ക്കി, നൈജീരിയ, അല്‍ജീരിയ, ഇന്തൊനീഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, ബംഗ്ലദേശ്, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മൊറോക്കോ, ടാന്‍സാനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലേക്കു ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. മൊറോക്കോ, ടുണീഷ്യ, ഇന്തൊനീഷ്യ ഉള്‍പ്പെടെ 9 രാജ്യങ്ങളിലേക്ക് വാണിജ്യ പ്രതിനിധികളെ അയച്ച് ചര്‍ച്ചകള്‍ നടത്തും. 2022-23 വര്‍ഷത്തില്‍ ഒരു കോടി ടണ്‍ ഗോതമ്പ് കയറ്റുമതിയാണ് ലക്ഷ്യം.
വെന്തുരുകി ഗോതമ്പു പാടങ്ങള്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട കൊടുംചൂടാണ് ഗോതമ്പു കൃഷിക്കു തിരിച്ചടിയായത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. റഷ്യയ്ക്കാണു മൂന്നാം സ്ഥാനം. യുക്രെയ്ന്‍ എട്ടാമതാണ്. അഞ്ചു വര്‍ഷം തുടര്‍ച്ചയായി മികച്ച ഉത്പാദനം നേടിയതിനു ശേഷമാണ് ഇക്കുറി ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞത്.
നൂറു വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട് തന്നെയാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. രാജ്യത്തിന്റെ മധ്യ, വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്.

2021-22 കാര്‍ഷിക വര്‍ഷത്തില്‍ 111.32 ദശലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 105 ദശലക്ഷം ടണ്‍ മാത്രമാണ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞത്. അതായത് ആറ് ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ ഉത്പാനം 109.59 ദശലക്ഷം ടണ്‍ ആയിരുന്നു. 2014-15 ന് ശേഷം ആദ്യമായാണ് ഉത്പാദനം കുറയുന്നതെന്ന് കൃഷി മന്ത്രാലയത്തിന്റെ രേഖകള്‍ സൂചിപ്പിക്കുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഉത്പാദനത്തില്‍ ഇടിവുണ്ടായത്.
ലോകത്തിന് അന്നം നല്‍കാന്‍ ഇന്ത്യ
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ ഭക്ഷ്യക്ഷാമം നേരിടുന്ന ഘട്ടത്തില്‍ രക്ഷകരായി രംഗത്തെത്താനുള്ള നീക്കമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലോകമാകെ അസ്വാഭാവികമായ സ്ഥിതിഗതിയാണ് നേരിടുന്നതെന്നും എന്താണോ വേണ്ടത് അതു ലഭ്യമാകുന്നില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഡബ്ല്യുടിഒ അനുവദിച്ചാല്‍ നാളെ മുതല്‍ ലോകരാജ്യങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും മോദി പറഞ്ഞിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 15 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടി വരുമിത്. എന്നാല്‍ കടുത്ത ചൂടില്‍ ഉത്പാദനം കുറഞ്ഞതോടെ ഇത്രത്തോളം കയറ്റുമതി സാധ്യമാകുമോ എന്നു സംശയമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ പര്യടനത്തിനു ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഗോതമ്പിന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
സംഭരണം മെച്ചപ്പെടുത്തി കേന്ദ്രം; പൂഴ്ത്തിവച്ച് സ്വകാര്യ വന്‍കിടക്കാര്‍
ഏപ്രില്‍ 17 വരെ 13,000 കോടി രൂപയ്ക്ക് 69.24 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് സംഭരിച്ചതായി കേന്ദ്രം അറിയിച്ചു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഗോതമ്പ് സംഭരണം ആരംഭിച്ചത്. എന്നാല്‍ കയറ്റുമതി വിപണിയിലെ ഉയര്‍ന്ന വില ആകര്‍ഷകമായത് ഗോതമ്പ് സംഭരണ നീക്കങ്ങള്‍ക്കു തിരിച്ചടിയായി. വന്‍കിട കമ്പനികള്‍ കര്‍ഷകരില്‍നിന്നു ഗോതമ്പ് വാങ്ങി പൂഴ്ത്തി വയ്ക്കുകയാണ്.
യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതോടെ കൂടിയ വിലയാണ് സ്വകാര്യ വമ്പന്മാര്‍ കര്‍ഷകര്‍ക്കു വാഗ്ദാനം ചെയ്യുന്നത്. കൂടിയ വില ലഭിക്കാനായി കര്‍ഷകര്‍ വിളവെടുപ്പ് വൈകിപ്പിക്കുന്നതും ലഭ്യത കുറയാനുള്ള കാരണമായി. മധ്യപ്രദേശ്, യുപി, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകര്‍ കിലോയ്ക്ക് 21 മുതല്‍ 24 വരെ രൂപയ്ക്കാണ് ഗോതമ്പ് വിറ്റത്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 20.15 രൂപയാണ്.

ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ ബംഗ്ലദേശിലേക്ക്
2017 നും 2021 നും ഇടയില്‍ റഷ്യ 183 ദശലക്ഷം ടണ്‍ ഗോതമ്പും യുക്രെയ്ന്‍ 91 ദശലക്ഷം ടണ്‍ ഗോതമ്പും കയറ്റുമതി ചെയ്തപ്പോള്‍ ഇന്ത്യ അതിന്റെ ഉല്‍പാദനത്തിന്റെ ഒരു ചെറിയ ഭാഗം അതായത് 12.6 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. ഏകദേശം 107.59 ദശലക്ഷം ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ 80 % ആഭ്യന്തര ഉപഭോഗത്തിനാണ്. ബാക്കി സംഭരിക്കുന്നു. 2022 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച്, സെന്‍ട്രല്‍ പൂളിലെ ഗോതമ്പ് സ്റ്റോക്ക് 189.8 മെട്രിക് ടണ്‍ ആയിരുന്നു. ഇത് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കരുതല്‍ ശേഖരത്തിന് ആവശ്യമായ 74.60 മെട്രിക് ടണ്ണിന്റെ 2.5 ഇരട്ടിയാണ്.
യുക്രെയ്ന്‍ യുദ്ധത്തോടെ രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകതയും കുത്തനെ ഉയര്‍ന്നു. 2022-23ല്‍ ഒരു കോടി ടണ്‍ ഗോതമ്പ് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021-22 ല്‍ ഇന്ത്യ 70 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. മൊത്തം കയറ്റുമതിയുടെ പകുതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബംഗ്ലദേശിലേക്കായിരുന്നു.
പൊതുവിതരണത്തെ ബാധിക്കുമോ
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളാണ് താങ്ങുവില പ്രകാരം രാജ്യത്ത് ഗോതമ്പ് സംഭരിച്ച് പൊതുവിതരണത്തിനു നല്‍കുന്നത്. കോവിഡ് കാലത്ത് അവതരിപ്പിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരവും ഗോതമ്പ് വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സംഭരണം കുറയുന്നത് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരാനും ലഭ്യത കുറയാനും കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം ഉള്‍പ്പെടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
English Summary: Is India facing a wheat crisis? Declared export ban