ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ, കേരളത്തില്‍ ബദല്‍ രാഷ്ട്രീയസാധ്യത േതടി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ കൊച്ചിയിലെത്തി. ഇന്നു വൈകിട്ടു കിഴക്കമ്പലത്ത് ട്വന്റി20യുടെ പൊതുസമ്മേളനത്തില്‍ കേജ്‌രിവാള്‍ മുഖ്യാതിഥിയാകും. ട്വന്റി20യുമായി ചേര്‍ന്നു കേരളത്തില്‍ പുതിയ ബദലിനുള്ള എഎപിയുടെ കളമൊരുക്കല്‍ കൂടിയാകും കിഴക്കമ്പലത്തെ പൊതുസമ്മേളനം.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തില്‍ ഭരണം പിടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20– എഎപി ബദല്‍ നീക്കത്തെ കേരളത്തിലെ മുന്നണികൾ ആശങ്കയോടെയാണു കാണുന്നത്. എഎപി– ട്വന്റി20 സഖ്യത്തിന്റെ തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് പൊതുസമ്മേളനത്തോടെ വ്യക്തമാകും. സാബു ജേക്കബിനൊപ്പം വേദി പങ്കിടുന്ന കേജ്‌രിവാള്‍ ബദല്‍ മുന്നണി പ്രഖ്യാപനം നടത്തുമെന്നാണു സൂചന. ആം ആദ്മി നേതാക്കളുമായും വൊളന്റിയര്‍മാരുമായും കേജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തും. ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ശിക്കും.

കിഴക്കമ്പലത്തു നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ  എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ .  മനോരമ
കേജ്‌‌രിവാളിനു കൊച്ചിയിൽ നൽകിയ സ്വീകരണം.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ കേജ്‌രിവാളിനു വമ്പന്‍ സ്വീകരണമാണു പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഡല്‍ഹിയിലെ തുടര്‍ച്ചയായ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു പുറമേ പഞ്ചാബിലും ചുവടുറപ്പിച്ച ശേഷം കേരളത്തില്‍ പുതിയ ബദലായി മാറാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി. പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യങ്ങളിലൊന്നു കേരളമാണെന്ന് എഎപി മുന്‍പുതന്നെ വ്യക്തമാക്കിയതുമാണ്. യു‍ഡിഎഫിനും എല്‍ഡിഎഫിനും ബദലായി, എൻഡിഎയെ മറികടന്ന്, നാലാം മുന്നണിയാകാനുള്ള നീക്കങ്ങള്‍ക്കു തുടക്കമിടാന്‍ കൂടിയാണു തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കാലത്തുള്ള കേജ്‌രിവാളിന്റെ കൊച്ചി സന്ദര്‍ശനം.

ട്വന്റി20യുടെ പിന്തുണയോടെയാണ് എഎപി കേരളത്തില്‍ പുതിയ സാധ്യത േതടുന്നത്. ഇരുകക്ഷികളും യോജിച്ചു തൃക്കാക്കരയില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിച്ചു. ഉപതിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണു പ്രാധാന്യമെന്നും അതിനാലാണു തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നുമാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്.

English Summary: Delhi CM Arvind Kejriwal reached in Kochi, may launch new political front in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com