ADVERTISEMENT

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരായ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെ (29) അറസ്റ്റിൽ. മറ്റൊരാൾ മറാത്തിയിൽ എഴുതിയ കുറിപ്പ് നടി പങ്കുവയ്ക്കുകയായിരുന്നു. ശരദ് പവാർ എന്ന മുഴുവൻ പേരിനു പകരം 80 വയസ്സുകാരനായ പവാർ എന്നു മാത്രമാണു പോസ്റ്റിലുള്ളത്.

പവാറിനെ അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതിനു നടിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. സ്വപ്നിൽ നേത്‌കെ എന്നയാളുടെ പരാതിയിൽ താനെയിലെ കൽവ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ നവി മുംബൈയിൽനിന്നാണു കേതകിയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ശിവസേന– കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാണ് എൻസിപിയും.

‘നരകം കാത്തിരിക്കുന്നു, നിങ്ങൾ ബ്രഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങൾ നടിയുടെ കുറിപ്പിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ് വിവാദമായതിനു പിന്നാലെ എൻസിപി വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ കേതകിയുടെ വീടിനു മുന്നിൽ പ്രതിഷേധപ്രകടനം നടന്നു. പ്രവർത്തകർ വീടിനു നേർക്കു കറുത്ത മഷിയും ചീമുട്ടയും എറിഞ്ഞു. പുണെയിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Ketaki Chitale Photos: epilepsy_warrior_queen/ Instagram
കേതകി ചിതാലെ. Photos: epilepsy_warrior_queen/ Instagram

കേതകിയെ തനിക്കറിയില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നും പവാർ പ്രതികരിച്ചു. അവരുടെ പരാതിയെന്താണെന്നു ചോദിച്ച പവാർ, നടി എന്താണു ചെയ്തത് എന്നതറിയാതെ കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. മറാത്തിയിലും ഹിന്ദിയിലും ടെലിസീരിയലുകളിൽ അഭിനയിച്ചിട്ടുള്ള കേതകി, സമൂഹമാധ്യമങ്ങളിൽ മുൻപും പോസ്റ്റുകളിട്ട് വിവാദത്തിലായിട്ടുണ്ട്.

English Summary: Marathi Actor Ketaki Chitale Arrested For 'Derogatory Facebook Post' On Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com