ADVERTISEMENT

കൊച്ചി∙ ‘മൽസരം റാംപിലായിരുന്നെങ്കിൽ ആരെ വിജയിപ്പിക്കണമെന്നു ഞങ്ങൾ വോട്ടർമാർക്കു നാലുവട്ടമെങ്കിലും ആലോചിക്കേണ്ടി വരുമായിരുന്നു’ – തദ്ദേശ ഉപതിരഞ്ഞെടുപ്പു നടക്കുന്ന എറണാകുളം സൗത്ത് ഉൾപ്പെടുന്ന 62–ാം ഡിവിഷനിലെ വോട്ടറുടേതാണ് പ്രതികരണം. കേരളം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണെങ്കിലും സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെത്തിയാൽ സിനിമാ താരങ്ങളുടെ ചിത്രങ്ങളെ വെല്ലുന്ന സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പോസ്റ്ററുകളാൽ മതിലുകൾ നിറഞ്ഞിരിക്കുന്നതാണ് കാഴ്ച.

കൊച്ചി കോർപ്പറേഷന്റെ 62–ാം ഡിവിഷൻ ഉൾപ്പടെ കേരളത്തിൽ 12 ജില്ലകളിലായി 42 സീറ്റുകളിലേയ്ക്കാണ് വരുന്ന 17ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. വനിതാ റിസർവേഷനാണ് ഈ ഡിവിഷൻ. സ്ഥാനാർഥി നിർണയത്തിൽ മൂന്നു പാർട്ടികളും പ്രാധാന്യം നൽകിയത് യുവത്വത്തിന്റെ പ്രസരിപ്പിനൊപ്പം സൗന്ദര്യത്തിനു കൂടിയാണെന്നു പറഞ്ഞാൽ ഒരു മുന്നണിക്കും എതിരഭിപ്രായമുണ്ടാവില്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ നിന്നു വിജയിച്ച ബിജെപി അംഗം മിനി ആർ. മേനോൻ അർബുദ ബാധിതയായി മരിച്ചതാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. മണ്ഡലത്തിലെ വിജയം ഒറ്റനോട്ടത്തിൽ എൽഡിഎഫ് ഭരണത്തെ ബാധിക്കില്ലെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമാകുന്നത് ഭരണം തന്നെ മാറ്റിമറിക്കാൻ സാഹചര്യമൊരുക്കും.

അനിത എസ്. വാരിയർ
അനിത എസ്. വാരിയർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്നു മൽസരിച്ച മുൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയും നഗരത്തിലെ പരിചിത മുഖവുമായ പത്മജ എസ്. മേനോനാണ് ഡിവിഷനിൽ ബിജെപിയുടെ സ്ഥാനാർഥി. എൺവയോൺമെന്റൽ എൻജിനിയറിങ്ങിൽ എംടെക് ബിരുദധാരി അനിത എസ്.വാരിയരാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനു വേണ്ടി ഇവിടെ സിപിഐ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് വിഫോർ കൊച്ചിക്കു വേണ്ടി നേരത്തെ മൽസരിച്ച എസ്.അശ്വതിയാണ്. മൂന്നു സ്ഥാനാർഥികളും കളത്തിൽ സജീവമാണെന്നു മാത്രമല്ല, മൂന്നിലേറെ തവണ വീടുകൾ കയറിയുള്ള വോട്ടഭ്യർഥന പൂർത്തിയാക്കിയിട്ടുമുണ്ട്. 

∙ തുടർവിജയം പ്രതീക്ഷിച്ച് പത്മജ

ബിജെപിയുടെ സിറ്റിങ് സീറ്റ് എന്ന ഉറപ്പിലാണ് പത്മജ 62–ാം ഡിവിഷനിൽ വോട്ടു തേടുന്നത്. മിനി ആർ.മേനോനു ലഭിച്ച 271 വോട്ടുകളുടെ ഭൂരിപക്ഷമാണ് പത്മജയ്ക്കു വിജയത്തിനുള്ള ആദ്യ ഉറപ്പ്. അതിനു പുറമേ ഇടത് ട്രേഡ് യൂണിയൻ നേതാവായിരുന്ന പിതാവ് എസ്.സി.എസ്. മേനോന്റെ മകൾ എന്ന ലേബലും സെന്റ് തെരേസാസ് കോളജ് കാലത്തെയും മാധ്യമ പ്രവർത്തന കാലത്തെയും ബന്ധങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർഥി. 1983-84 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ ചെയർപഴ്സനായി മൽസര രാഷ്ട്രീയത്തിലേയ്ക്കു വന്നത് കെഎസ്‍യുവിലൂടെയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായെല്ലാം അടുപ്പമുണ്ടായിരുന്നെന്നു മാത്രമല്ല, പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെല്ലാം പങ്കെടുക്കുന്ന ചടങ്ങുകളിൽ യുയുസി എന്ന പേരിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു.

സ്ഥാനാർഥികൾക്കായി സ്ഥാപിച്ച പോസ്റ്ററുകൾ
സ്ഥാനാർഥികൾക്കായി സ്ഥാപിച്ച പോസ്റ്ററുകൾ

കോളജ് കാലത്തു പിതാവിന്റെ രാഷ്ട്രീയ പാതയിൽനിന്നു മാറി സഞ്ചരിച്ച പത്മജ, പതുക്കെ കോൺഗ്രസ് രാഷ്ട്രീയവും വേണ്ടെന്നുവച്ചു. രാജീവ് ഗാന്ധി ഉൾപ്പടെയുള്ളവർ രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചിട്ടും അതിനു തയാറാകാതിരുന്ന പത്മജ അടുത്ത കാലത്തായി ബിജെപിയിലേയ്ക്ക് ആകൃഷ്ടമായി മഹിളാ മോർച്ചയുടെ ജില്ലാ പ്രസിഡന്റ് പ്രദവിയിലെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പദവും വഹിച്ചു.

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തം ഡിവിഷനിൽ പരിചയപ്പെടുത്തുകയും ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാമെന്നുമാണ് പത്മജ തിരഞ്ഞെടുപ്പിൽ മുന്നോട്ടു വയ്ക്കുന്ന മുഖ്യ വാഗ്ദാനങ്ങൾ. വനിതാ ശിശു ക്ഷേമം, യുവജന ക്ഷേമം, വയോജന സൗഹൃദം, വിദ്യാർഥി സൗഹൃദം, ആരോഗ്യക്ഷേമം തുടങ്ങി നിരവധി മേഖലകളിൽ മികച്ച പദ്ധതികൾ ഡിവിഷനിലേയ്ക്കു കൊണ്ടുവരുമെന്ന വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയുടെ പ്രധാന പ്രതിസന്ധിയായ കൊതുകു നശീകരണവും മാലിന്യ സംസ്കരണവും ഉറപ്പു നൽകിയുമാണ് വോട്ട് അഭ്യർഥന. കുടിവെള്ള പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള ഉറപ്പുകളും നൽകുന്നു. നഗരത്തിൽ സ്ത്രീകൾ നേരിടുന്ന ശുചിമുറി പ്രശ്നം പരിഹരിക്കുന്നതു മുതൽ ഒച്ചുശല്യത്തിനു വരെയുള്ള പരിഹാരങ്ങളും പത്മജ മുന്നോട്ടു വയ്ക്കുന്നുണ്ട്. 

∙ 4 പതിറ്റാണ്ടിന്റെ ചരിത്രം ആവർത്തിക്കുമെന്ന് അനിത

നാലു പതിറ്റാണ്ടിലേറെ യുഡിഎഫ് ഡിവിഷനായിരുന്നു എറണാകുളം സൗത്ത് എന്നതാണ് യുഡിഎഫ് സ്ഥാനാർഥിക്കു വിജയത്തിലേയ്ക്കുള്ള പ്രതീക്ഷ. പ്രത്യേക സാഹചര്യത്തിൽ മാത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ നേട്ടം കൊയ്തത്. ഏതാനും വർഷങ്ങളായി വാരിയം റോഡിൽ കുടുംബമായി താമസിക്കുന്ന അനിത എസ്.വാരിയർ കൊച്ചി സ്മാർട് മിഷനൊപ്പം ജോലി ചെയ്തു വരുന്നതിനിടെയാണ് മൽസരിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും പഠനകാലത്ത് രാഷ്ട്രീയമായല്ലാതെ സ്റ്റുഡന്റ് എഡിറ്ററായും വൈസ് ചെയർപഴ്സണായുമെല്ലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭർത്താവ് ചാർട്ടേഡ് അക്കൗണ്ടന്റാണ്. 

സ്ഥാനാർഥികൾക്കായി സ്ഥാപിച്ച പോസ്റ്ററുകൾ
സ്ഥാനാർഥികൾക്കായി സ്ഥാപിച്ച പോസ്റ്ററുകൾ

കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ ഡിവിഷൻ നേരിടുന്ന പതിവു പ്രളയം എന്ന പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ആഗ്രഹമെന്ന് അനിത പറയുന്നു. തന്റെ എൻജിനിയറിങ് വിഷയം അതു തന്നെയായതും ആറു വർഷമായി ഇതേ വിഷയവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതും ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതു തിരിച്ചറിഞ്ഞാണ് നേതാക്കൾ തന്നെ സ്ഥാനാർഥിയായി തീരുമാനിച്ചതെന്നും അനിത പറയുന്നു. 

∙ പെട്ടിയിൽ 208 വോട്ടുമായി സിപിഐ സ്വതന്ത്ര

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 208 വോട്ടുകൾ, ഇടതു വോട്ടുകൾ ഇവയാണ് ഉപതിരഞ്ഞെടുപ്പിൽ ഡിവിഷനിൽ മൽസരിക്കുന്ന അശ്വതി സത്യന്റെ കൈമുതൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഫോർ കൊച്ചിയുടെ പാനലിൽ മൽസരിച്ചപ്പോൾ 208 വോട്ടുകൾ പെട്ടിയിലാക്കിയിരുന്നു. ഇത്തവണ വിഫോറുമായി ബന്ധമില്ലെങ്കിലും സ്വതന്ത്ര വോട്ടുകൾ തനിക്കു തന്നെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ട് അശ്വതി. ഇടതു സ്വതന്ത്ര എന്ന നിലയിൽ സ്വതന്ത്രരുടെ വോട്ടുകൾ കൈവിട്ടു പോകില്ലെന്നാണ് പ്രതീക്ഷ. ജനിച്ചു വളർന്ന സ്ഥലം, എന്നും കാണുന്നവർ, മാധ്യമപ്രവർത്തക എന്നീ നിലകളിലുള്ള ബന്ധങ്ങളും ഡിവിഷനിലെ വോട്ടർമാരുമായുള്ള അടുപ്പവും വോട്ടാക്കാനാകും എന്നാണ് പ്രതീക്ഷ.

ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാതിരുന്ന അശ്വതി അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് വിഫോർ കൊച്ചിക്കൊപ്പം മൽസരിക്കാനിറങ്ങിയത്. ഇടതു നിലപാടുകളോടു യോജിപ്പ് ഉണ്ടുതാനും. അതുകൊണ്ടു തന്നെ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിൽ ഇടതു പിന്തുണ നേടുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നും കരുതുന്നില്ലെന്ന് അശ്വതി പറയുന്നു. നിലവിൽ കോർപ്പറേഷന്റെ ഇടതു ഭരണ നേട്ടങ്ങൾ ഡിവിഷനിൽ ലഭിക്കുന്നുണ്ട്. അതേസമയം, ഇപ്പോഴും ഒരു അംഗനവാടി ഈ ഡിവിഷനിൽ ഇല്ലെന്ന പ്രശ്നമുണ്ട്. കൊച്ചി മെട്രോ ഉള്ളപ്പോഴും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോട്ടാണ്. ഇതു പരിഹരിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 

വോട്ടു ചോദിച്ച് എത്തുമ്പോൾ മികച്ച ജനപിന്തുണയാണു ലഭിക്കുന്നത്. വിദ്യാഭ്യാസമുള്ള യുവതീയുവാക്കൾ മുന്നിലേയ്ക്കു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് വോട്ടർമാരിൽ ഏറെയും. അതുകൊണ്ടു തന്നെ ഒരു സ്വീകാര്യതയുണ്ട്. രണ്ടു ടേമിനു ശേഷമാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരിക്കുന്നത്. അതേക്കുറിച്ചും റോഡുകളുടെ പുരോഗതിയേക്കുറിച്ചുമെല്ലാം വോട്ടർമാർ സംസാരിക്കുന്നു. ഒരുപാടു വ്യത്യാസം നഗരത്തിൽ വന്നിട്ടുണ്ട്. ഇതെല്ലാം ജനങ്ങൾ അംഗീകരിക്കുന്നു എന്നതിനാൽ വിജയത്തിന്റെ കാര്യത്തിൽ നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് അശ്വതി സത്യൻ പറയുന്നു. 

∙ കോർപ്പറേഷൻ ഭരണത്തിൽ നിർണായകം

ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ചാഞ്ഞാൽ ഇടതു മുന്നണിക്കു ഭരണം നഷ്ടപ്പെടാനും യുഡിഎഫ് ഭരണം പിടിക്കാനും സാധ്യതയുള്ള കോർപ്പറേഷനാണ് കൊച്ചി. നിലവിലെ സാഹചര്യത്തിൽ കൗൺസിലിൽ എൽഡിഎഫിനു ഭൂരിപക്ഷമുണ്ട്. കോർപറേഷനിൽ 37 കൗൺസിലർമാരുടെ പിന്തുണയാണു ഭരണത്തിലുള്ള എൽഡിഎഫിനുള്ളത്. യുഡിഎഫിനു 32ഉം ബിജെപിക്ക് നാലും കൗൺസിലർമാരുണ്ട്. സൗത്തിൽ യുഡിഎഫ് വിജയമുണ്ടാക്കിയാൽ 37–33–4 എന്നായിരിക്കും നില. അതായത് എൽഡിഎഫ് ഭൂരിപക്ഷം നാലായി ചുരുങ്ങും എന്നർഥം.

അടുത്ത മാസം കോടതിയിൽനിന്ന് ഐലൻഡ് നോർത്ത് ഡിവിഷന്റെ വിധി വരാനിരിക്കുകയാണ്. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിൽ കോൺഗ്രസ് സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റതിനെ തുടർന്നാണ് കേസായത്. റജിസ്റ്ററിലും വോട്ടിങ് മെഷീനിലും വന്ന ഒരു വോട്ടിന്റെ വ്യത്യാസം തുല്യമാക്കാൻ പ്രിസൈഡിങ് ഓഫിസർ ചെയ്ത വോട്ടാണ് തന്നെ തോൽപിച്ചത് എന്നാണ് കോടതിയിൽ വേണുഗോപാൽ ഉയർത്തുന്ന വാദം. ഇവിടെ റീ പോളിങ് വേണമെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ആവശ്യം. അത് കോടതി അംഗീകരിക്കുകയും തിര‍ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി തന്നെ ജയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫ് ഭൂരിപക്ഷം മൂന്നായി ചുരുങ്ങും. അപ്പോൾ കക്ഷി നില 37–34–3 എന്നു വരാം. 

സ്വതന്ത്രരായ ടി.കെ. അഷറഫ്, ജെ. സനൽമോൻ, കെ.പി. ആന്റണി, മേരി കലിസ്റ്റ പ്രകാശൻ എന്നിവർ നിലവിൽ എൽഡിഎഫിനെയാണു പിന്തുണയ്ക്കുന്നത്. ഇവരിൽ ഇടതു സഹയാത്രികനായ കെ.പി. ആന്റണി പക്ഷം മാറാനിടയില്ല. മറ്റു സ്വതന്ത്രരിൽ യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഇവർ പക്ഷം മാറിയാൽ യുഡിഎഫിനു ഭരണം പിടിക്കാം. അപ്പോൾ കക്ഷിനില എൽഡിഎഫ് 33, യുഡിഎഫ് 37, ബിജെപി 3 എന്നു വരും. ഈ പ്രതീക്ഷയിൽ യുഡിഎഫിന്റെ ഭാഗത്തു നിന്നുള്ള രാഷ്ട്രീയ ചരടുവലികൾ സജീവമാണ്. ഈ സാഹചര്യം എൽഡിഎഫിന്റെ ചങ്കിടിപ്പേറ്റുന്നുമുണ്ട്. 

∙ അടിയൊഴുക്കുണ്ടാവുമോ? വോട്ടു മറിയുമോ?

ചരിത്രം പരിശോധിക്കുമ്പോൾ 62–ാം ഡിവിഷനിൽ മൽസരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിക്കു ജയസാധ്യത എത്രത്തോളമുണ്ട് എന്നകാര്യത്തിൽ പാർട്ടി അംഗങ്ങൾക്കു തന്നെ സംശയമുണ്ട്. വിഫോർ വോട്ടുകൾ യുഡിഎഫിലേയ്ക്കു പോയാൽ ബിജെപി സ്ഥാനാർഥിക്കു കഴിഞ്ഞ പ്രാവശ്യമുണ്ടാക്കിയ 271 വോട്ടുകളുടെ ഭൂരിപക്ഷം എന്ന നേട്ടം വരിക്കാൻ സാധിക്കുമോ എന്നതും സംശയമാണ്. സ്വന്തം പാർട്ടിയുടെ ജയത്തേക്കാൾ യുഡിഎഫിന്റെ തോൽവിയാണ് എൽഡിഎഫിന് ഇവിടെ വേണ്ടത്. ഈ സാഹചര്യത്തിൽ എൽഡിഎഫ് അനുകൂല വോട്ടുകൾ മറിയുമോ എന്നാണ് ആകാംക്ഷ. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണു വിലയിരുത്തൽ.

English Summary: Kochi Corporation 62 division bypoll, candidates and campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com