ADVERTISEMENT

തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും വിൽപന സമ്മർദത്തിൽപ്പെട്ടുപോയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു മാസം കൊണ്ട് 10 ശതമാനത്തിനടുത്ത് വീഴ്ച രേഖപ്പെടുത്തി. അമേരിക്കൻ ഫെഡ് നിരക്കുയർത്തലിനു പിന്നാലെ കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചൈനീസ്, ജർമൻ, അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ലോക വിപണിയെ വീഴാതെ താങ്ങിയത് ഇന്ത്യൻ വിപണിക്കും അനുകൂലമായി. എന്നാൽ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ആഴ്ച മാത്രം 20,000 കോടി രൂപയുടെ വിൽപന നടത്തിയതും ഇന്ത്യൻ പണപ്പെരുപ്പം കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏപ്രിലിൽ 7.79 ശതമാനത്തിലേക്ക് വളർന്നതും എസ്ബിഐയുടെ ലക്ഷ്യം തെറ്റിയ റിസൾട്ടും നിഫ്റ്റിയെ 15,782 പോയിന്റിലേക്കും സെൻസെക്സിനെ 52,793 പോയിന്റിലേക്കും വീഴ്ത്തി.

നാലു ശതമാനം വീതം വീഴ്ച നേരിട്ട ബാങ്കിങ്, ഐടി സെക്ടറുകൾ തന്നെയാണ് കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടിയത്. പൊതുമേഖലാ ബാങ്കുകൾ 8 ശതമാനം വീണപ്പോൾ എനർജി സെക്ടർ 10 ശതമാനവും മെറ്റൽ 12 ശതമാനത്തിനു മുകളിലും വീണു. ഓഹരി വിപണിയിൽ പുതിയ ആഴ്ചയുടെ സാധ്യതകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ അടുത്ത ആഴ്ച വിപണിയിൽ

കഴിഞ്ഞ അഞ്ച് ആഴ്ചകളിലും വീഴ്ച രേഖപ്പെടുത്തിയ ഇന്ത്യൻ വിപണി പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച വാരാന്ത്യ ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണിക്ക് അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ മികച്ച ക്ലോസിങ് അനുകൂല തുടക്കം നൽകിയേക്കാം. എങ്കിലും ഓരോ ഉയർച്ചയിലും ലാഭമെടുക്കലിനു തിടുക്കമേറുന്ന ‘കരടിപ്പിടുത്തം’ വീണ്ടും വിനയായേക്കാമെന്നും വിപണി ഭയക്കുന്നു. ചൊവ്വാഴ്ചത്തെ എൽഐസി ലിസ്റ്റിങ്ങും എൽഐസി ഐപിഒയുടെ ‘ബാക്കി പണവും’ ഇന്ത്യൻ വിപണിയുടെ വലിയ പ്രതീക്ഷകളാണ്. നാളെ വരുന്ന മൊത്ത വിലക്കയറ്റ കണക്കുകളും ഇന്ത്യൻ വിപണിക്കു പ്രധാനമാണ്.

∙ നിയന്ത്രിതമാകുന്ന അമേരിക്കൻ പണപ്പെരുപ്പം

ഏപ്രിലിലെ അമേരിക്കൻ പണപ്പെരുപ്പം ലക്ഷ്യം തെറ്റിയെങ്കിലും മാർച്ചിലെ റെക്കോർഡ് വളർച്ചയിൽനിന്നും കുറവു കാണിച്ചതാണ് കഴിഞ്ഞ‌വാരം ലോകവിപണിയെ വൻവീഴ്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്. മാർച്ചിൽ 1.2 ശതമാനം വളർന്ന് 8.5 ശതമാനത്തിലേക്ക് കയറിയ അമേരിക്കൻ റീട്ടെയിൽ വില സൂചിക (സിപിഐ) ഏപ്രിലിൽ 0.3 ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയതും വാർഷിക പണപ്പെരുപ്പ വളർച്ച 8.3 ശതമാനത്തിലേക്ക് വളർച്ചാ ശോഷണം കാണിച്ചതും ഫെഡിന്റെ നിരക്കുയർത്തൽ തീരുമാനങ്ങളിൽ നിർണായകമാണ്. നിലവിലെ സ്ഥിതികൾ പരിഗണിച്ച് ജൂണിലും ജൂലൈയിലും 0.50 ശതമാനം വീതമായിരിക്കും ഫെഡ് നിരക്കുയർത്തൽ എന്നു ജെറോം പവൽ ഉറച്ചു പ്രസ്താവിച്ചതും വിപണിക്ക് അടുത്ത ആഴ്ചയിൽ അനുകൂലമായേക്കാം.

തുടർച്ചയായ മൂന്നു മാസങ്ങളിൽ ഫെഡ് നയ അവലോകന യോഗങ്ങൾ വരുന്നതും മൂന്നു മാസങ്ങളിലും തുടർച്ചയായി അര ശതമാനം വീതം ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്കുകളിൽ വർധനവ് വരുത്തുന്നതും ബോണ്ട് യീൽഡിലും തത്തുല്യമായതോ അതിലധികമോ വർധനവിനും കാരണമാകുന്നത് ഓഹരി വിപണികളിൽ പണശോഷണത്തിന് ഇടയാക്കിയേക്കാം. ‘സ്റ്റിമുലസ് പാക്കേജു’കളുടെ കാലത്തുനിന്നും ‘നിരക്ക് വർധന’വിന്റെയും ‘സാമ്പത്തിക നിയന്ത്രണളു’ടെയും കാലത്തേക്ക് ലോക സാമ്പത്തിക വ്യവസ്ഥിതി നീങ്ങിക്കഴിഞ്ഞു.

ട്വിറ്റർ ഏറ്റെടുക്കലിൽനിന്നു പിന്മാറിയതിനെ തുടർന്ന് ടെസ്‌ല മുന്നേറ്റം കുറിച്ചത് അമേരിക്കൻ വിപണിക്ക് വാരാന്ത്യത്തിൽ നൽകിയ ആവേശം നാളെ ഏഷ്യൻ വിപണിക്കു മികച്ച തുടക്കം നൽകിയേക്കാമെങ്കിലും, റഷ്യൻ ഉപരോധങ്ങൾ മുന്നേറ്റം നൽകിയതിനെ തുടർന്ന് മുന്നേറുന്ന ക്രൂഡ് ഓയിൽ വില വിപണിക്ക് ക്ഷീണമാണ്.

∙ ഓഹരികളും സെക്ടറുകളും

∙ ചൊവ്വാഴ്ചത്തെ എൽഐസിയുടെ ലിസ്റ്റിങ് നിക്ഷേപകർക്ക് ‘ലിസ്റ്റിങ് ബൂം’ നൽകിയേക്കാം. 949 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം.
∙ എസ്ബിഐ വിപണി പ്രതീക്ഷിച്ച 1000 കോടി രൂപയുടെ അറ്റാദായം നേടിയില്ലെങ്കിലും മുൻ വർഷത്തിൽ നിന്നും 41 ശതമാനം വർധനവോടെ 9114 കോടി രൂപയുടെ ഏറ്റവും വലിയ ലാഭകണക്കുകൾ അവതരിപ്പിച്ചത് ഓഹരിക്ക് അനുകൂലമാണ്. പലിശ വരുമാനവും, പ്രവർത്തന ലാഭവും, ആർഒഇയും, വായ്പ വിതരണവും ക്രമമായി മെച്ചപ്പെടുന്നത് സർക്കാർ ബാങ്കിനെ ദീർഘകാല നിക്ഷേപത്തിന് യോഗ്യമാക്കുന്നു.

∙ ടാറ്റ മോട്ടോഴ്‌സ് ചൈനീസ് ലോക്ഡൗണിനും യൂറോപ്യൻ യുദ്ധ കെടുതികൾക്കുമിടയിൽ ഒരു ഫ്ലാറ്റ് റിസൾട്ട് സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. ജെഎൽആർ വരുമാനത്തിൽ 27 ശതമാനം വീഴ്ച വന്നിട്ടും മുൻ വർഷത്തിൽ 7600 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി ഇത്തവണ പ്രവർത്തന നഷ്ടം 1000 കോടിയാക്കി കുറച്ചു. മികച്ച കാറുകൾ വരാനിരിക്കുന്നതും ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള 10 കാറുകളിൽ രണ്ടെണ്ണം ടാറ്റയുടേതാണെന്നതും ഓഹരിക്കനുകൂലമാണ്. അടുത്ത ഇറക്കം ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്.

∙ വരുമാനത്തിലും ലാഭത്തിലും 10 ശതമാനം വീതം മുന്നേറ്റം നേടിയ എൽ ആൻഡ് ടി നടപ്പു സാമ്പത്തിക വർഷത്തിൽ 12 മുതൽ 15 ശതമാനം വരെ വളർച്ചയാണ് വരുമാനത്തിലും ഓർഡർ ബുക്കിലും പ്രതീക്ഷിക്കുന്നത്. 3621 കോടിയുടെ അറ്റാദായവും, 62,851 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കിയ ലാർസൺ ആൻഡ് ടൂബ്രോ കമ്പനി മുൻ വർഷത്തിൽ നിന്നും 46 ശതമാനം വർധനവോടെ 73,491 കോടി രൂപയുടെ പുതിയ ഓർഡറുകളും കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കിയതോടെ കമ്പനിയുടെ മൊത്തം കരാർ മൂല്യം 3,57,595 കോടി രൂപയായി ഉയർന്നു. ഒൻപത് ലക്ഷം കോടി രൂപയുടെ പുതിയ പ്രോജക്ടുകൾ വഴിയിലുണ്ടെന്നതും ഓഹരിയെ വളരെ ആകർഷകമാക്കുന്നു. ‘ലക്ഷ്യ 26’ എന്ന പേരിൽ കമ്പനിയുടെ മൂല്യം വർധിപ്പിക്കാനായി നടത്തുന്ന നടപടികൾ ലക്ഷ്യത്തിലെത്തുന്നത് ഓഹരിയുടമകൾക്കും നേട്ടമാണ്.

∙ ബന്ധൻ ബാങ്ക് അറ്റാദായം മുൻ വർഷത്തിലെ 103 കോടി രൂപയിൽ നിന്നും പല മടങ്ങ് വർധിപ്പിച്ച് 1902 കോടിയിലെത്തിച്ചത് ഓഹരിക്ക് അനുകൂലമാണ്. 858 കോടി രൂപയാണ് ബാങ്കിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം. പലിശ വരുമാനത്തിൽ മുൻ വർഷത്തിൽ നിന്നും 45 ശതമാനം വർധന സ്വന്തമാക്കിയ ബന്ധൻ ബാങ്ക് നിക്ഷേപത്തിന് അനുകൂലമാണ്.
∙ ഏറ്റവും ആവശ്യമായ രാഷ്ട്രങ്ങൾക്കു നൽകുന്നതിനായി ഇന്ത്യ സ്വകാര്യ കമ്പനികളുടെ ഗോതമ്പു കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരുന്നതു ഗോതമ്പു കയറ്റുമതി കമ്പനികൾക്കു ക്ഷീണമാണ്. ഭക്ഷ്യ കയറ്റുമതി മേഖലയ്ക്കു തീരുമാനം തിരിച്ചടിയാണ്.

∙ ഹൈഡ്രജൻ ഉൽപാദന രംഗത്തേക്കു തിരിയുന്നതു ബോഷിന് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപകർക്കു പരിഗണിക്കാം.
∙ മികച്ച റിസൾട്ടുകൾ പുറത്തു വിട്ട ഗോദ്‌റെജ്‌ അഗ്രോ, ജിഎൻഎഫ്സി, ബിർല കോർപ്, ബന്ധൻ ബാങ്ക്, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ്, വിൻഡ്‍ലസ് ലാബ്, സ്കിപ്പർ, ആസ്ടെക് ലൈഫ് സയൻസ് മുതലായ ഓഹരികളും ദീർഘകാല നിക്ഷേപത്തിന് ഈ ഇറക്കത്തിൽ പരിഗണിക്കാം.

∙ ഫലങ്ങൾ

റെയ്മണ്ട്, ഭാരത് ഫോർജ്, എംസിഎക്സ്, ഗ്ലാക്സോ, വിഐപി ഇൻഡസ്ട്രീസ് സെഞ്ചറി പ്ലൈ, ഗ്രീൻ പ്ലൈ, റേറ്റ് ഗെയിൻ, ഉത്തം ഷുഗർ, ശങ്കര ബിൽഡിങ് മെറ്റീരിയൽസ് മുതലായ ഓഹരികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ഐടിസി, ഭാരതി എയർടെൽ, ഡിഎൽഎഫ്, ശോഭ, ഐഒസി, ഹിന്ദ് പെട്രോ, എൻടിപിസി, ഭെൽ, കണ്ടെയ്നർ കോർപറേഷൻ, അശോക് ലെയ്‌ലാൻഡ്, ഇൻഡിഗോ, ഡോക്ടർ റെഡ്‌ഡിസ്‌ ലാബ്, ശ്രീ സിമന്റ്, രാംകോ സിമന്റ്, ജെകെ സിമന്റ്, എബിഎഫ്ആർഎൽ, അരവിന്ദ്, ഐജിഎൽ, ഇഐഡി പ്യാരി, അബ്ബോട്ട്, ലാൽപത് ലാബ്സ്, മൈൻഡാ കോർപ്, നോസിൽ, പിഡിലിറ്റ്, ബാർബെക്യു നേഷൻ, ജെകെ ലക്ഷ്മി, ലുപിൻ, മണപ്പുറം, ടീം ലീസ്, നാരായണ ഹൃദയാലയ, കിംസ്, ഡിവിസ് ലാബ്സ്, പരസ് ഡിഫൻസ്, ഓൺ മൊബൈൽ, പ്രിൻസ് പൈപ്സ്, കൊച്ചിൻ ഷിപ്‌യാർഡ്, വി-ഗാർഡ്, കിറ്റെക്സ്, പേടിഎം മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

∙ ഐപിഒ

മേയ് 17നു വള ഉൽപാദക കമ്പനിയായ പാരദീപ് ഫോസ്‌ഫേറ്റും മേയ് 18നു വാച്ച് റീടെയ്‌ലർ ഇതൊസും മേയ് 20നു ഇന്ത്യയിലെ ഏറ്റവും വലിയ സെർട്ടിഫയിങ് കമ്പനിയായ ഇമുദ്രയും ഐപിഒകളുമായി വരുന്നു.

∙ സ്വർണം

രാജ്യാന്തര പ്രതിസന്ധികളിൽ പ്രതീക്ഷയർപ്പിച്ചു തിരിച്ചുവരവു പ്രതീക്ഷിച്ച സ്വർണം ഉയരുന്ന ഡോളർ വിലയിൽ തട്ടി വീണു. ഉറപ്പായ ഫെഡ് നിരക്കുയർത്തൽ ബോണ്ട് യീൽഡ് ഇനിയും ഉയർത്തുമെന്നതും സ്വർണത്തിന് തിരിച്ചടിയാണ്.

∙ ക്രൂഡ് ഓയിൽ

റഷ്യൻ എണ്ണയ്ക്കു മേൽ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലെ എണ്ണക്കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റഷ്യൻ നടപടി ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. എണ്ണയുടെ രാജ്യാന്തര ഉൽപാദന വർധനവും ഒപെക് മുൻ ധാരണ പ്രകാരം ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചതും എണ്ണയുടെ ആവശ്യകതയിൽ ഇടിവു പ്രതീക്ഷിക്കുന്നതും ക്രൂഡ് ഓയിൽ മുന്നേറ്റത്തിന് തടസമായില്ല.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് : 8606666722

English Summary: Stock Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com