ADVERTISEMENT

കൊല്ലം∙ നടനും നിർമാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ അമ്മ മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽ കാന്തിനും പരാതി നൽകി. വിജയ് ബാബു നിർമിച്ച സിനിമയിൽ അഭിനയിച്ച നടി, അടുത്ത സിനിമയിൽ അവസരം നൽകിയില്ലെന്ന വിരോധത്തിൽ വ്യാജപരാതി നൽകുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതിനു പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു ആരോപിച്ചു.

പരാതിയിൽ നിന്ന്:

‘‘എന്റെ മകൻ വിജയ് ബാബുവിന്റെ പേരിൽ നടിയായ പെൺകുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. നല്ല സൗഹൃദത്തിലായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ, 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ബഹുമാനപ്പെട്ട നീതിപീഠത്തിലും നിയമ സംവിധാനത്തിലും ഞാൻ വിശ്വസിക്കുന്നു. പെൺകുട്ടി കൊടുത്ത പരാതി അന്വേഷിക്കണം.’

‘‘അതോടൊപ്പം, പെൺകുട്ടിയെകൊണ്ട് ഇങ്ങനെ ഒരു പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. നീതിപീഠം എന്റെ മകൻ കുറ്റക്കാരനാണെന്നു വിധിയെഴുതിയാൽ പെൺകുട്ടിക്ക് ഒപ്പം നിൽക്കുമെന്നാണ് എന്റെ നിലപാട്. എന്നാൽ, മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ നീതിപൂർവമായ നടപടി ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു’’.

English Summary: Vijay Babu's mother files complaint against actress who filed rape complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com