ADVERTISEMENT

തിരുവനന്തപുരം∙ ജയിൽ മോചനത്തിനായി സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയ 33 തടവുകാരുടെ പട്ടികയിൽ 14 പേർ രാഷ്ട്രീയ തടവുകാർ. ഇതിൽ 8 പേർ സിപിഎം പ്രവർത്തകരാണ്. ബാക്കിയുള്ളവർ ബിജെപി – ആർഎസ്എസ് പ്രവർത്തകർ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണിവർ. സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ ബിജെപിക്കാരും, ബിജെപിക്കാരെ കൊലപ്പെടുത്തിയ സിപിഎമ്മുകാരും പട്ടികയിലുണ്ട്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനു പുറമേ കുപ്പണ മദ്യദുരന്ത കേസിലെ ഒന്നാം പ്രതി തമ്പിയും പട്ടികയിൽ ഇടം പിടിച്ചു.

കുപ്രസിദ്ധമായ കേസുകളിൽ ഉൾപ്പെട്ട തടവുകാർ പട്ടികയിൽ ഉള്ളതിനാൽ ഗവർണർ നിയമോപദേശം തേടി. ബെംഗളൂരുവിലേക്കു പോയ ഗവർണർ മൂന്നു ദിവസം കഴിഞ്ഞേ തിരിച്ചുവരൂ. സർക്കാർ കൊടുത്ത പട്ടികയില്‍ തീരുമാനമുണ്ടാകാൻ സമയമെടുക്കുമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 33 പേരുടെ പട്ടിക തയാറാക്കിയതെന്നാണ് രാജ്ഭവൻ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

കൊലപാതകക്കേസുകൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിരവധി തടവുകാരുണ്ടെങ്കിലും അവർക്കു പകരം വിവാദമായ കേസുകളിൽ ഉൾപ്പെട്ടവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. തടവുകാരുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിരമിച്ച ജഡ്ജിമാർ ഉൾപ്പെട്ട ജയിൽ ഉപദേശക സമിതിയാണ്. ജയിൽ ഉപദേശക സമിതിക്കു പകരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയിൽ ഡിജിപിയുമാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. ഉപദേശ സമിതിയുടെ ശുപാർശ ഇല്ലാതെ, അവരെ മറികടന്ന് തീരുമാനമെടുക്കാൻ കഴിയുമോ എന്ന കാര്യം രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. 

2003 ഏപ്രിൽ പത്തിനാണ് കുപ്പണ ദുരന്തമുണ്ടായത്. അമിതലാഭം മുന്നിൽക്കണ്ടു സ്‌പിരിറ്റിൽ മീഥൈൽ ആൽക്കഹോൾ കലർത്തി നൽകിയതാണ് ദുരന്തത്തിലേക്കു നയിച്ചത്. ഒന്നാം പ്രതി തൃക്കടവൂർ കുപ്പണ കാർത്തികയിൽ തമ്പി, പത്താം പ്രതി ചിറയിൻകീഴ് കീഴാറ്റിങ്ങൽ കാട്ടിൽവീട്ടിൽ സജീവ്, 11–ാം പ്രതി ചിറയിൻകീഴ് പെരുങ്കുളം ശാന്തമന്ദിരത്തിൽ റോയി എന്നിവർക്കാണു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മണിച്ചൻ പ്രതിയായ കല്ലുവാതുക്കൽ മദ്യദുരന്തമുണ്ടായ കാലത്ത് തമ്പിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു. ഒരിക്കൽ വീട്ടിൽ സ്‌പിരിറ്റ് സൂക്ഷിച്ചതിനു തമ്പിയെയും ഭാര്യയെയും പൊലീസ് പിടികൂടി റിമാൻഡ് ചെയ്യുകയും ചെയ്‌തു. എന്നാൽ, അധികൃതരുടെ സഹായത്തോടെ തമ്പി മദ്യവ്യാപാരം തുടർന്നു. തമ്പി എക്‌സൈസ്, പൊലീസ് ഉദ്യോഗസ്‌ഥർക്കു മാസപ്പടി നൽകിയിരുന്നതായി മദ്യദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷനു സാക്ഷിവിസ്‌താരവേളയിൽ തെളിവു ലഭിച്ചിരുന്നു.

English Summary: 14 political prisoners included in government's list to Governor recommended for release 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com