ADVERTISEMENT

ന്യൂഡൽഹി∙ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. സാധാരണക്കാരായ ആളുകളുടെ വീടുകളും കടകളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന ബിജെപിയുടെ നടപടി തെറ്റാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നശീകരണ നടപടിയായി ഇതിനെ വിശേഷിപ്പിച്ച കേജ്‌രിവാൾ, ബിജെപിയുടെ ബുൾഡോസർ നടപടി ഇതേപടി തുടർന്നാൽ ഡൽഹിയിൽ മാത്രം 63 ലക്ഷം ആളുകൾ വഴിയാധാരമാകുമെന്നും ചൂണ്ടിക്കാട്ടി.

‘ഡൽഹിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ ബുൾഡോസറുകൾ എല്ലായിടത്തും ഓടുന്നുണ്ട്. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. ഒന്ന്, ഡൽഹിയിലെ 80% ആവാസകേന്ദ്രങ്ങളും കയ്യേറ്റത്തിന്റെ പരിധിയിൽ വരും. രണ്ടാമതായി, മതിയായ രേഖകൾ സമർപ്പിക്കുന്ന ആളുകള്‍ക്കെതിരെയും ബുൾഡോസർ പ്രയോഗം നടത്തുന്നുണ്ട്. അതു ശരിയായ നടപടിയല്ല. ഡൽഹിയിലെ കോളനികളും ചേരികളും ഒഴിപ്പിക്കാനാണ് അവരുടെ ശ്രമം’ – കേജ്‌രിവാൾ വിശദീകരിച്ചു.

ഡൽഹിയിൽ മാത്രം 63 ലക്ഷം ആളുകളെയാണ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ബാധിക്കുകയെന്ന് കേജ്‍രിവാൾ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ആളുകൾക്കു വീടു നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത ബിജെപി, അതിനു പകരം ബുൾഡോസറുമായി അവരുടെ താമസസ്ഥലം ഇടിച്ചുനിരത്താൻ വരികയാണെന്ന് കേജ്‍രിവാൾ ആരോപിച്ചു. ‘‘ഡൽഹി മുൻസിപ്പിൽ കോർപറേഷൻ 15 വർഷം ഭരിച്ചവരാണ് ബിജെപിക്കാർ. അവരാണ് ഈ കാണുന്ന അനധികൃത നിർമാണങ്ങളെല്ലാം നടത്തിയത്. മേയ് 18ന് മുൻസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ ഭരണ കാലാവധി അവസാനിക്കുകയാണ്. അവർ ഈ ചെയ്യുന്നത് ശരിയായ കാര്യമാണോ?’ – കേജ്‍രിവാൾ ചോദിച്ചു.

ജയിലിൽ പോകേണ്ടി വന്നാലും ഭയപ്പെടാതെ ജനങ്ങൾക്കൊപ്പം നിൽക്കാൻ ആംആദ്മി പാർട്ടി എംഎൽഎമാർക്ക് കേജ്‍രിവാൾ നിർദ്ദേശം നൽകി. ‘‘ജയിലിൽ പോകേണ്ടി വന്നാലും ഭയപ്പെടാതെ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഞാൻ എംഎൽഎമാരോടു പറഞ്ഞത്. അതാണ് വേണ്ടത്. ഞങ്ങളും കയ്യേറ്റങ്ങൾക്ക് എതിരാണ്. പക്ഷേ, ബുൾഡോസറുകൾ ഉപയോഗിച്ച് ഇത്തരത്തിൽ എല്ലാം തകർക്കുന്നത് ശരിയായ നടപടിയല്ല. ഇവിടെ ഗുണ്ടായിസം അനുവദിക്കാനാകില്ല. അധികാരം ഇത്തരം കാര്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുന്നതും ശരിയല്ല’ – കേജ്‌രിവാൾ പറഞ്ഞു.

‘എന്തിനാണ് നിങ്ങൾ ആളുകൾക്കെതിരെ ബുൾഡോസറുകൾ ഓടിച്ചുകയറ്റുന്നത്? ഡൽഹിയിലെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കാം. ഇവിടുത്തെ വിദ്യാഭ്യാസ, ആരോഗ്യ, വൈദ്യുതി, ജല പ്രശ്നങ്ങൾ പരിഹരിച്ചതുപോലെ കയ്യേറ്റ പ്രശ്നവും ഞങ്ങൾ പരിഹരിക്കും. പക്ഷേ, കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും കടകളും തകർക്കുന്നത് അംഗീകരിക്കില്ല. ഇതിനെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കും’ – കേജ്‍രിവാൾ പ്രഖ്യാപിച്ചു.

English Summary: 63 lakh people could be displaced if BJP's bulldozers keep running in Delhi, says Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com