ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളിൽ യാഥാർഥ്യമൊന്നുമില്ലെന്ന് നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി.നായർ. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ തള്ളി ശരത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്.

‘ഈ കേസിൽ ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാൻ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ – ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു.

‘തെളിവു നശിപ്പിച്ചു എന്നു പറയാൻ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ – ശരത് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്.

സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.

English Summary: Actress attack case; Sarath gets bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com