ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടകെ‍ാലക്കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അഡീഷനൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 4ാം പ്രതി ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റം കൃത്യം നടക്കുമ്പോൾ ഒരു പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല. 

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ, മുസ്‌ലിം ലീഗ് നേതാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 25 പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2013 നവംബർ 21നു സിപിഎം പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവർ കൊല്ലപ്പെട്ട കേസിലാണു പ്രതികൾ കുറ്റക്കാരെന്നു ജില്ലാ ജഡ്ജി ടി.എച്ച്.രജിത വിധിച്ചത്. മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സി.എം.സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുൻപു മരിച്ചു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കു കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല.

രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവുമാണു കൊലപാതകത്തിനു കാരണമായതെന്നു കുറ്റപത്രത്തിൽ പറയുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998ൽ കല്ലാംകുഴി പാലയ്ക്കാപറമ്പിൽ മുഹമ്മദ് വധിക്കപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ൽ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വീണ്ടും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയതോടെ പ്രശ്നത്തിനു രാഷ്ട്രീയമാനം മാനം കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടിൽ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായകസാക്ഷി. കേസിൽ 27 പേരെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തൊണ്ണൂറിലേറെ സാക്ഷികളെ വിസ്തരിച്ചു.

കേസിന്റെ വിചാരണ നീളുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കൊലപാതകം നടന്നു 7 വർഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ പ്രധാന പ്രചാരണവിഷയമായിരുന്നു ഇരട്ടക്കൊലപാതകം. മുസ്‍ലിംലീഗുകാരായ പ്രതികളെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു. ഡിവൈഎസ്പി എസ്.ഷറഫുദ്ദീൻ, ഇൻസ്പെക്ടർ കെ.അനിൽകുമാർ, എസ്ഐ എ.ദീപകുമാർ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.  

 

കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർ

 

പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ  ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.സി. കൃഷ്ണൻ നാരായണൻ ഹാജരായി.

English Summary: Mannarkad twin murder case, court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com