ADVERTISEMENT

തിരുവനന്തപുരം ∙ ‘‘പതിമൂന്ന് വർഷമായില്ലേ, നിർത്തിക്കൂടേ എന്നാണ് ബന്ധുക്കളടക്കം ചോദിക്കുന്നത്. മകനെ നഷ്ടപ്പെട്ടത് എനിക്കാണ്. അവസാന ശ്വാസം വരെ നീതിക്കായി പോരാടും’’– പാൽ വാങ്ങാൻ പോയ മകനെ പീഡനത്തിനിരയായി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയശേഷം ഭരതന്നൂർ വിജയവിലാസത്തിൽ ഷീജയുടെ കണ്ണുനീർ തോർന്നിട്ടില്ല. കേസിന്റെ പേരിൽ ബന്ധുക്കൾ പോലും അകറ്റിനിർത്തുമ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ് ഷീജയും ഭർത്താവ് വിജയനും.

അന്വേഷണത്തിനു തടസ്സമാകുന്നത് ഫൊറൻസിക് റിപ്പോർട്ടാണ്. 2019 ഒക്ടോബർ 14 ന് റീ പോസ്റ്റുമോർട്ടം നടത്തി ശരീരാവശിഷ്ടങ്ങൾ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലേക്കു കൊണ്ടുപോയെങ്കിലും ഇതുവരെ ഫലം പുറത്തു വന്നിട്ടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഫൊറൻസിക് ലാബ് അധികൃതർക്കു മാത്രം കുലുക്കമില്ല. കേസിന്റെ തുടർനടപടികൾ വേഗത്തിലാക്കാൻ കോടതിയെ സമീപിക്കാൻ ഇടയ്ക്ക് ആലോചിച്ചെങ്കിലും കോടതിച്ചെലവുകൾക്കുള്ള പണം ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. കേസിന്റെ ഭാഗമായി ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തതോടെ അവരും എതിരായി.

∙ കടയിലേക്കു പോയി, കാണാതായി

വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശിനെ രാമശ്ശേരി കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2009 ഏപ്രിൽ അഞ്ചിനാണ്. പാലു വാങ്ങാനായി കടയിലേക്കു പോയതായിരുന്നു ആദർശ്. അച്ഛന്റെ മൊബൈലിൽ സമയം നോക്കി 3.38 ആയെന്നു പറഞ്ഞശേഷമായിരുന്നു കുട്ടി പാൽ വാങ്ങാനുള്ള പാത്രവുമായി പോയത്. സാധാരണ അരമണിക്കൂറിനുള്ളിൽ തിരികെയെത്താറുള്ള കുട്ടിയെ ഒരു മണിക്കൂറായിട്ടും കാണാതായതോടെയാണ് അച്ഛൻ തേടിയിറങ്ങിയത്. കുട്ടി പോകാൻ സാധ്യതയുള്ള വീടുകളിലും സ്ഥലങ്ങളിലും തിരച്ചിൽ നടത്തി. പാൽ വാങ്ങി പോയെന്നാണ് കടയുടമ പറഞ്ഞത്. കുട്ടിയെ തേടിയിറങ്ങിയ നാട്ടുകാരാണ് രാത്രിയോടെ വയലിനു നടുവിലുള്ള കുളത്തിൽ കുട്ടി മരിച്ചു കിടക്കുന്നതു കണ്ടെത്തുന്നത്.

കുട്ടി സാധാരണ കുളത്തിനടുത്തേക്കു പോകാറില്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ അന്നു തന്നെ രംഗത്തെത്തിയിരുന്നു. കുളത്തിനടുത്തുള്ള വീട്ടിൽ ചിലർ സ്ഥിരമായി വന്നു പോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. കുളം നിർമിച്ചത് റബ്ബർ തൈകൾ വിൽപന നടത്തുന്ന ഫാമിനു വേണ്ടിയായിരുന്നു. ഇവിടെയുള്ള ജീവനക്കാരനെ സംശയമുണ്ടെന്നു കുടുംബവും പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ പാലോട് പൊലീസ് മുങ്ങിമരണമായി കേസ് അവസാനിപ്പിച്ചു.

∙ വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിട്ടില്ലെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ മുങ്ങി മരണമല്ലെന്നു വ്യക്തമായി. നല്ല മഴയുള്ള ദിവസമായിട്ടും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്ന കുട്ടിയുടെ വസ്ത്രങ്ങൾ നനഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഫൊറൻസിക് റിപ്പോർട്ടിൽ കുട്ടിയുടെ വസ്ത്രത്തിൽ പീഡനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതോടെ വലിയ പ്രതിഷേധം ഉയർന്നു.

ലോക്കൽ പൊലീസിന്റെ വീഴ്ച ഉന്നത ഉദ്യോഗസ്ഥർക്കു മനസ്സിലായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, ആദർശിനെ അടക്കിയ സ്ഥലത്തുനിന്ന് അസ്ഥി ഉൾപ്പെടെയുള്ള ശരീര അവശിഷ്ടങ്ങൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. എന്നാൽ, ഫലം കിട്ടാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയാണ്. ലാബ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കി.

∙ വീട്ടുകാർ പറയുന്നു, കൊലപാതകി കൺമുന്നിലുണ്ട്

വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയം അവഗണിച്ചതാണ് കേസ് ഇത്രയും നീണ്ടുപോകാൻ കാരണമെന്ന് കുടുംബം പറയുന്നു. കുളത്തിനടുത്ത് റബ്ബർ തൈകൾ വളർത്തുന്ന ഫാമിലെ ജീവനക്കാരനെ ആയിരുന്നു സംശയം. ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നു ഇയാളെന്നും കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിക്കുന്നു. വിജയന്റെ അനുജനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾ ആ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമവും ഇയാൾ നടത്തിയതായി വീട്ടുകാർ പറയുന്നു. പൊലീസിനോട് ഇതെല്ലാം പറഞ്ഞതോടെ അനുജന്റെ കുടുംബം എതിരായെന്നും കേസുമായി മുന്നോട്ടുപോകുന്നതിന്റെ പേരിൽ അനുജന്റെ കുടുംബം ഭീഷണിപ്പെടുത്തുന്നെന്നും ആദർശിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

English Summary: Sheeja and her husband Vijayan fighting a legal battle for the son who found dead in a pond after a sexual assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com