ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിർത്തി നിർണയിക്കാൻ കല്ലിടുന്നത് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. കല്ലിടുന്ന പ്രവർത്തനങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം. സിൽവർലൈൻ പദ്ധതിക്കായി കെ–റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളി‍ൽ ഭൂമി ഉടമകളിൽ നിന്നു വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ–റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണു കെ–റെയിലിന്റെ നിലപാടു മാറ്റവും റവന്യു വകുപ്പിന്റെ നിർദേശവും പുറത്തുവരുന്നത്. 

പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നും ആണ് കെ–റെയിൽ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.

സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘങ്ങൾക്ക് സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ലാൻഡ് റവന്യു കമ്മിഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കലക്ടർമാർക്കും കത്തിന്റെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സിൽവര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽപൂർത്തിയായത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും 4 മണിക്കൂറിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

English Summary : Government decides to stop stone laying of silverline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com