കോഴിക്കോട്∙ മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റ കോണ്‍ക്രീറ്റ് ബീമുകളാണ് ഇളകിവീണത്. ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രം പണിമുടക്കിയതാണ് അപകടകാരണമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന് നിർദ്ദേശം നൽകി.
രാവിലെ ഒന്‍പതോടെയാണ് മപ്രം ഭാഗത്ത് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് ബീം യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ഘടിപ്പിക്കുന്നതിനിടെ ഇളകി വീഴുകയായിരുന്നു. ഒരെണ്ണം പൂര്‍ണമായും പുഴയില്‍ പതിച്ചു. മറ്റു രണ്ടെണ്ണം ഇളകി താഴേയ്ക്ക് തൂങ്ങിനിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്കു പരുക്കേറ്റു. യന്ത്രത്തകരാര്‍ മാത്രമാണ് അപകടത്തിനു കാരണമെന്ന് കരാറുകാര്‍ അറിയിച്ചു. 2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്.
ആ വര്‍ഷത്തെ പ്രളയത്തില്‍ പണി തടസപ്പെടുകയും നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നു പ്ലാനും എസ്റ്റിമേറ്റും പുതുക്കിയാണ് പണി പുനരാരംഭിച്ചത്.
English Summary: Under-construction Bridge Collapses in Kozhikode