നോക്കി നിൽക്കെ കടലെടുക്കുക– ശംഖുമുഖത്തെ കടലാക്രമണത്തെ ഇതിലും നന്നായി വിശേഷിപ്പിക്കാൻ കഴിയില്ല. സൂനാമി പോലും തൊട്ടിട്ടില്ലാത്ത തീരത്തെ താണ്ടി ശംഖുമുഖം എയർപോർട്ട് റോഡ് വീണ്ടും കടലെടുത്തത് ആശങ്കയുണ്ടാക്കുകയാണ്. 2003ൽ ശംഖുമുഖത്തെ ബീച്ച് റോഡിൽ നിന്ന് 200 മീറ്ററോളം ദൂരെ നീണ്ടു കിടന്ന തീരമാണ് 2019ൽ ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ റോഡിന്റെ തന്നെ അന്തകനായി മാറിയത്. റോഡ് ശക്തിപ്പെടുത്തിയപ്പോഴാകട്ടെ അതും നാശത്തിന്റെ വക്കിലായി. കേരളത്തിന്റെ തെക്കൻ തീരത്ത് ഇതുവരെ നടത്തിയിട്ടുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ ആകെ ഫലമാണ് ഇപ്പോൾ ശംഖുമുഖം ഉൾപ്പെടെയുള്ള തീരമേഖലയിൽ പ്രതിഫലിക്കുന്നത്. കടലാക്രമണത്തിന് ഒരു കാരണമല്ല, ഒരുപാട് കാരണങ്ങളാണുള്ളത്. അവയുടെയെല്ലാം സംയുക്ത ഫലമാണ് ഇപ്പോൾ ശംഖുമുഖം ബീച്ചിന്റെ അവസ്ഥ. ശംഖുമുഖം ബീച്ചിൽ മുൻപുണ്ടായിരുന്ന പടിക്കെട്ടു മുതൽ ശംഖുമുഖം എയർപോർട്ട് റോഡിനു ബലമേകാൻ ഇപ്പോൾ നിർമിച്ചവ ഉൾപ്പെടെ കടലാക്രമണം കൂട്ടുകയേ ഉള്ളൂവെന്നാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽ മറൈൻ സയൻസ് വിഭാഗത്തിന്റെ മേധാവിയായിരുന്ന കെ.വി.തോമസ് പറയുന്നത്. തീരത്തെ മണൽ കാർന്നെടുക്കലും തിരികെ നിക്ഷേപിക്കലും കടലിന്റെ സ്വാഭാവിക പ്രക്രിയയാണ്. ബീച്ച് എത്ര വലുതായാലും അതിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഈ സ്വാഭാവിക പ്രക്രിയയ്ക്കു മാറ്റമുണ്ടാക്കും. മണൽത്തിട്ടകൾ തിരകളെ ശാന്തമാക്കുകയാണ് ചെയ്യുന്നത്. ഒരു മീറ്റർ ആഴമുള്ള സമുദ്ര ഭാഗത്ത് മുക്കാൽ മീറ്ററിലധികം തിര ഉയരില്ല. എന്നാൽ മനുഷ്യന്റെ നിർമാണ പ്രവർത്തനങ്ങളിലൂടെ കടലിന്റെ ആഴം കൂടുമ്പോൾ തിരയുടെ ഉയരവും ശക്തിയും കൂടുന്നു. കൂടുതൽ കരഭാഗത്തേക്കു തിരകളെത്താൻ ഇതു കാരണമാകും–കെ.വി.തോമസ് പറയുന്നു.
HIGHLIGHTS
- ശംഖുമുഖത്ത് മുടക്കിയ സർക്കാരിന്റെ കാശ് കടലെടുക്കുന്നു; എന്താണു കാരണം?