ADVERTISEMENT

കൊച്ചി∙ സില്‍വര്‍ലൈന്‍ കല്ലിടൽ നിര്‍ത്തിവച്ചത് സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണ്. സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണം.

തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടതോടെയാണ് കല്ലിടൽ നിർത്താൻ തയ്യാറായത്. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്നു പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്കു പിന്നോട്ടു പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു.

ഒന്നാംഘട്ട സമരം വിജയിച്ചതിൽ അഭിമാനമുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽനിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്രമോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സർക്കാരും മുട്ടു മടക്കിയത്. കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സിൽവർ ലൈൻ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ കെ റെയിൽ ചർച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് എല്‍ഡിഫ് കൺവീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്‍ഡിഎഫ് കൺവീനർ മാറ്റി പറഞ്ഞു. വികസനം ചർച്ച ചെയ്യാമെന്ന യുഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary: VD Satheesan on Silver Line survey called off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com