ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയത കേസുകള്‍ പിന്‍വലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കണമെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ അറസ്റ്റും റിമാന്‍ഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കല്ലിട്ടുള്ള സര്‍വേ തടഞ്ഞിടത്തെല്ലാം പൊലീസ് കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്– 38 കേസ്. കണ്ണൂരിൽ 17 കേസും കോഴിക്കോട് 14 കേസും കൊല്ലത്ത് 10 കേസും തിരുവനന്തപുരത്ത് 12 കേസുകളുണ്ട്. എല്ലായിടത്തുമായി കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ എഴുന്നൂറിലേറെപ്പേരെ പ്രതികളാക്കിയിട്ടുമുണ്ട്. ഇതില്‍ നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമെല്ലാം ഉള്‍പ്പെടും.

കല്ലിട്ടുള്ള സര്‍വേ വേണ്ടെന്നു വച്ചതോടെ ഈ കേസുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടു. എന്നാല്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടര്‍ നടപടികളുമായി മുന്നോട്ടു പോവും. രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രവും നല്‍കും. മറിച്ചുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍‌നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല.

അതുമല്ല, കേസ് പിന്‍വലിക്കാനുള്ള നടപടി തുടങ്ങേണ്ടത് കുറ്റപത്രം നല്‍കിയ ശേഷമാണെന്നതിനാല്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കട്ടേയെന്നുമാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ സമരങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്നും അതിനാല്‍ അത്തരം നടപടികള്‍ വേണ്ടെന്നുമാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ആലോചന.

പൊതുമുതല്‍ നശിപ്പിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമം ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലും ഇട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യാവുന്ന കുറ്റങ്ങളാണങ്കിലും അതു വേണ്ടെന്നാണ് തീരുമാനം. അതിനാല്‍ കേസില്‍പ്പെട്ടവര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങേണ്ടിവരില്ല. പക്ഷേ കോടതി കയറേണ്ടി വരും.

English Summary: Case against silverline protest will not be withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com