ADVERTISEMENT

തെന്മല(കൊല്ലം)∙ പാലുമായി എത്തിയ ഗണേശന്‍, ആനയുടെ തുമ്പിക്കൈയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 6.30നാണ് ആര്യങ്കാവ് അമ്പനാട് മെത്താപ്പിലെ ലയത്തില്‍ നിന്നും റിട്ട. സൂപ്പര്‍വൈസര്‍ ഗണേശന്‍(63) ബൈക്കില്‍ ഒന്‍പതു മുക്കിലേക്കു വന്നത്. എതിരെ ബസ് വരുന്ന ശബ്ദം നേരത്തേ കേട്ടതിനാല്‍ ശ്രദ്ധയോടെയാണ് ബൈക്ക് ഓടിച്ചു വന്നത്. എതിര്‍വശത്തുനിന്നു ബസ് പ്രതീക്ഷിച്ചെത്തിയ ഗണേശൻ പാഞ്ഞടുത്തു വരുന്ന കൊമ്പനെയാണ് കണ്ടത്. ആനയെ കണ്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. പിന്നീടൊന്നും ആലോചിക്കാതെ ബൈക്കും പാലും പാദരക്ഷയുമെല്ലാം ഉപേക്ഷിച്ച് തിരിഞ്ഞു ഓടുകയായിരുന്നു. തൊട്ടുപിന്നാലെ ആനയും.

തേയിലത്തോട്ടത്തിനു സംരക്ഷണം ഒരുക്കിയ മുള്ളുവേലിയും ചാടി ഓടി രക്ഷാസ്ഥാനത്തെത്തി. അവിടെ നിന്നും തോട്ടം മാനേജരെ വിവരം അറിയിച്ചു. മാനേജര്‍ എസ്റ്റേറ്റില്‍ വാഹനമോടിക്കുന്ന എ.സ്റ്റീഫനോട് ഗണേശനെ ആനയോടിച്ചെന്നും ഒന്‍പതു മുക്കിന് സമീപത്തെവിടെയോ കാട്ടിലുണ്ടെന്നും പറഞ്ഞു. ഉടന്‍തന്നെ സ്റ്റീഫനും കൂട്ടുകാരും വാഹനവുമായി ഗണേശനെ തിരക്കിയിറങ്ങി. ഈ സമയം ഭയന്നു വിറച്ച് കാട്ടിലൊളിച്ചു നില്‍ക്കുകയായിരുന്നു ഗണേശന്‍. സ്റ്റീഫനും സംഘവും പാഞ്ഞെത്തി ഇയാളെ എടുത്ത് വാഹനത്തില്‍ കയറ്റി തെങ്കാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശന്റെ കാലിന് പൊട്ടലുണ്ട്. അമ്പനാട് തോട്ടത്തില്‍ ആനയിറങ്ങി നാശം വരുത്തുന്നത് പതിവാണ്.

അപ്രതീക്ഷിതമായി ബസിനു മുന്നില്‍ നടന്നുപോകുന്ന കാട്ടാനയെ കണ്ട് ആര്യങ്കാവ് ഡിപ്പോയിലെ അമ്പനാട് - തെങ്കാശി ബസിലെ ഡ്രൈവര്‍ യു.റഫീഖും, കണ്ടക്ടര്‍ കെ.ആര്‍.ശ്രീകുമാറും ഞെട്ടി. ഇവിടെ ആനയിറങ്ങുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ആനയെ നേരിട്ടു കാണുന്നത് ആദ്യം. അതും തൊട്ടു മുന്നില്‍. എന്ത് ചെയ്യണമെന്ന് അറിയാതെ ആനയ്ക്കു പിന്നില്‍ത്തന്നെ ബസ് നിര്‍ത്തി. പിന്നോട്ട് എടുക്കാനോ തിരിച്ചു പോകുവാനോ ഒരു നിര്‍വ്വാഹവുമില്ല. എന്തും വരട്ടെയെന്നു കരുതി ബസ് സ്റ്റാര്‍ട്ടിങില്‍ത്തന്നെ നിര്‍ത്തി. ഈ സമയം ഇതൊന്നും ശ്രദ്ധിക്കാതെ കൊമ്പനാന വളരെ സാവാധാനം റോഡില്‍ക്കൂടിത്തന്നെ നടന്നുപോവുകയായിരുന്നു. ഭയന്ന് കൈയും കാലും വിറച്ചതിനാല്‍ ഫോട്ടോ പോലും ഇരുവര്‍ക്കും എടുക്കാന്‍ സാധിച്ചില്ല.  കോവിഡിന് ശേഷം നിര്‍ത്തി വച്ചിരുന്ന സര്‍വീസ് ഇന്നലെ മുതലാണ് പുനരാരംഭിച്ചത്.

∙ ആനപ്പേടി ഒഴിയുന്നില്ല

കൊല്ലം ജില്ലയുടെ കിഴക്കന്‍‍മേഖലയില്‍ കാട്ടാനപ്പേടി ഒഴിയുന്നില്ല. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. അതോടൊപ്പം തോട്ടം തൊഴിലാളികള്‍ക്ക് ആനയെപ്പേടിച്ച് ജോലിക്ക് പറ്റാത്ത സാഹചര്യവുമാണ്. ഒരാഴ്ച മുന്‍പ് ആര്യങ്കാവ് ചേനഗിരി തോട്ടത്തില്‍ കാട്ടാന ഓടിച്ചപ്പോള്‍ ഓടിയതിനെ തുടര്‍ന്ന് വീണ് ഒരു സ്ത്രീ തൊഴിലാളിയുടെ കൈ ഒടിഞ്ഞിരുന്നു. ഈ ഭാഗത്ത് നിരവധി തവണ തൊഴിലാളികള്‍ ആനയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്.

English Summary: Elephant attack at Kollam, Thenmala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com