ADVERTISEMENT

മാവൂർ ∙ കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിൽ നിർമിക്കുന്ന കൂളിമാട് കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് എടുത്തതുപോലെ ഈ സംഭവത്തിലും കേസ് എടുക്കാമെന്ന് മുനീർ ചൂണ്ടിക്കാട്ടി. പാലം നിർമിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തകർന്നുവീഴുന്ന പാലങ്ങളുടെ എണ്ണം വർധിക്കുന്നതായി മുനീർ പറഞ്ഞു.  ‘‘പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. അന്ന് കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാൽ മന്ത്രിക്കെതിരെ കേസ് എടുക്കാം. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടതു സർക്കാർ സ്വീകരിച്ച മാതൃക ഇവിടെയും സർക്കാർ കാണിക്കുമോ? അഴിമതിക്കേസുകളിലെ പ്രധാന പ്രതി ഇതിനെല്ലാം നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സംഭവത്തിൽ പ്രധാന പ്രതിയും മുഖ്യമന്ത്രി തന്നെ. പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും ഇതിൽ പങ്കുണ്ട്’ – മുനീർ പറഞ്ഞു.

‘‘പാലം തകർന്നു വീണ സംഭവത്തിൽ യൂത്ത് ലീഗ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകുമോ? ഊരാളുങ്കലിന്റെ പേരിൽ കരാറെടുത്ത് സിപിഎം ആണ് നിർമാണ പ്രവർത്തനം നടത്തുന്നത്. സിപിഎമ്മിന് ഫണ്ടുണ്ടാക്കാനുള്ള ഏജൻസിയായി ഊരാളുങ്കൽ മാറിക്കഴിഞ്ഞു. ടെൻഡർ ഇല്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിനു നൽകുന്നത്. ഈ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. റിയാസിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം’ – ഫിറോസ് ആവശ്യപ്പെട്ടു.

നേരത്തെ, പാലം നിർമാണത്തിനിടെ 3 ബീമുകൾ നിർമാണത്തിനിടെ തകർന്നുവീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്കു പരുക്കേറ്റു. പരുക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ഭാഗത്ത് കരയോടു ചേർന്നു നിർമിക്കുന്ന ബീമുകളാണു വീണത്. മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതായതോടെ ബീം ചെരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം  ഭാഗികമായും പുഴയിൽ പതിച്ചു. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള  പാലത്തിന്റെ 90% നിർമാണം പൂർത്തിയായിരിക്കെയാണ് അപകടം.

സംഭവത്തിൽ, കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രോജക്ട് ഡയറക്ടറോട് മന്ത്രി പി.എം. മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 25 കോടി ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 2019 മാർച്ച് 9ന് അന്നത്തെ മന്ത്രി ടി.പി.രാമകൃഷ്ണനാണു പാലത്തിന്റെ പണി ഉദ്ഘാടനം ചെയ്തത്. യുഎൽസിസിക്കാണ് നിർമാണച്ചുമതല. ഇതിന് ഒന്നര കിലോമീറ്റർ മാറി കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു നിർമാണം പൂർത്തിയാക്കിയ എളമരം പാലം ഈ മാസം 23ന് ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.

English Summary: MK Muneer demands to register case against minister PA Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com