ADVERTISEMENT

വാഷിങ്ടൻ∙ യുക്രെയ്‍നിൽ വൻ തിരിച്ചടി നേരിടുന്ന റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ. യുക്രെയ്‍ൻ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹർകീവ് അടക്കമുള്ള പ്രധാന നഗരങ്ങൾ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസിൽ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്‌തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളിൽ വരെ പുട്ടിൻ ഇടപെടുന്നതായി പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

യുക്രെയ്‍ൻ യുദ്ധം പുട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമായി മാറിക്കഴിഞ്ഞു. സൈന്യത്തിലെ കേണൽ, ബ്രിഗേഡിയർ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനങ്ങൾ പോലും പുട്ടിനാണ് എടുക്കുന്നതെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈനിക നീക്കങ്ങളെ നേരിട്ട് ഏകോപിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനു പകരം ഒരു കേണലിന്റെ ജോലിയാണു പുട്ടിനും ഗെരാസിമോവും ചെയ്യുന്നതെങ്കിൽ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടതിനു മറ്റൊരു ഉദാഹരണവും തേടേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുക്രെയ്നിൽ അധിനിവേശം നടത്താനും ആ ‘ജോലി വേഗം തീർക്കാനും’ ഉത്തരവാദിത്തമുള്ള റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈന്യത്തിന്റെ മേൽനോട്ട ദൗത്യത്തിനായി യുക്രെയ്‍നിൽ എത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും റഷ്യ സ്ഥിരീകരിച്ചിരുന്നില്ല. യുക്രെയ്‍ൻ അധിനിവേശം 83 ദിവസം പിന്നിട്ടപ്പോഴേക്കും 12 റഷ്യൻ ജനറൽമാരാണ് യുക്രെയ്‍നിൽ കൊല്ലപ്പെട്ടത്. യുക്രെയ്‍ൻ നഗരങ്ങളിൽ റഷ്യൻ സൈന്യം വൻതോതിൽ പ്രതിരോധം നേരിട്ടതോടെയാണ് സൈന്യത്തിന്റെ മുൻനിരയിലേക്ക് ജനറൽമാരെ നിയോഗിക്കേണ്ട സാഹചര്യം ഉടലെടുത്തതെന്നാണ് ബ്രിട്ടീഷ് സൈന്യത്തിലെ മുൻ ബ്രിഗേഡിയറും കരയുദ്ധ വിദഗ്ധനുമായ ബെൻ ബാരിയുടെ വിലയിരുത്തൽ.

1248-valery-gerasimov-sergei-shoigu
റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ്,റഷ്യൻ പ്രതിരോധമന്ത്രിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുഖ്യ ഉപദേശകനുമായ സെർഗെയ് ഷോയ്ഗു (Photo by Alexey NIKOLSKY / SPUTNIK / AFP)

സൈനിക തീരുമാനങ്ങളിൽ ഇടപെടുന്നതിനെക്കാൾ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയാണ് ഒരു രാഷ്ട്രത്തലവൻ ചെയ്യേണ്ടതെന്നും ബെൻ ബാരി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം ജനറൽമാർ കൊല്ലപ്പെടുന്നത് അസാധാരണ സാഹചര്യമാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് ദ്രുതഗതിയിലുള്ള റഷ്യന്‍ മുന്നേറ്റത്തിനു വന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. റഷ്യന്‍ ജനറല്‍മാരെ വധിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തിനു രഹസ്യവിവരങ്ങള്‍ നല്‍കിയത് അമേരിക്കയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നത് എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് റഷ്യൻ സൈന്യം തന്ത്രം മാറ്റി കിഴക്കൻ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള ഡോൺബാസിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ റഷ്യൻ സൈന്യത്തിനു കഴിഞ്ഞില്ല. ഒരു മാസത്തോളം മേഖല കേന്ദ്രീകരിച്ച് പോരാട്ടം നടത്തിയിട്ടും എണ്ണത്തിൽ കുറവായ യുക്രെയ്‍ൻ പ്രതിരോധസേനയെ മറികടക്കാൻ റഷ്യൻ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.

യുക്രെയ്നിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിയോഗിച്ച സൈനികരിൽ മൂന്നിലൊന്നും റഷ്യയ്ക്കു നഷ്ടമായെന്നാണു ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഡോൺബാസിലെ റഷ്യൻ സൈനിക മുന്നേറ്റത്തിനു ശക്തി കുറഞ്ഞതായും യുക്രെയ്‍നിന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യൻ വാദം തെറ്റാണെന്നും ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് വ്യക്തമാക്കിയിരുന്നു.

ഡോൺബാസ് നദി കടക്കാൻ റഷ്യ പലതവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുക്രെയ്‍ൻ സൈനികരുടെ പ്രതിരോധത്തിൽ വൻതോതിൽ ആൾനാശമുണ്ടായതായും ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. സിവർസ്‌കി ഡോണെറ്റ്സ്‌ക് എന്ന് വിളിക്കുന്ന നദി കടക്കാൻ നിരവധി തവണ റഷ്യൻ സൈനികർ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 24 മുതൽ മേയ് 17 വരെയുള്ള കണക്കനുസരിച്ച് 27,900 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ൻ പ്രതിരോധസേനയുടെ അവകാശവാദം.

English Summary: Vladimir Putin is micro-managing Ukraine war ‘at level of low-ranking colonel’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com